തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ ഡിസംബർ 15 വരെ വിളക്കുകൾ തെളിയിക്കാൻ അനുമതി നൽകി സുപ്രീം കോടതി

മധുര:തിരുപ്പരൻകുണ്ഡ്രം മലമുകളിലുള്ള ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപം നവംബർ 29 മുതൽ ഡിസംബർ 15 വരെ ഭക്തർക്കും പൊതുജനങ്ങൾക്കും വിളക്കുകൾ തെളിക്കാം. നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ സുപ്രീം കോടതി അനുമതി നൽകിയതായി അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഭരണസമിതി അറിയിച്ചു. ഭക്തരുടെ ആരാധനാ സൗകര്യവും സുരക്ഷയും കണക്കിലെടുത്ത്, ഈ കാലയളവിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4.30 വരെ മാത്രമേ വിളക്കുകൾ തെളിക്കാൻ അനുവദിക്കൂ എന്ന് ഭരണസമിതി പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി.

ഭരണസമിതിയും കേന്ദ്ര സുരക്ഷാ സേനയും നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കണമെന്നും, സമാധാനപരമായി വിളക്കുകൾ തെളിക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനും പൂർണ സഹകരണം നൽകണമെന്നും ക്ഷേത്ര ഭരണസമിതി ഭക്തരോടും പൊതുജനങ്ങളോടും അഭ്യർഥിച്ചു. നേരത്തെ, സുപ്രീം കോടതി ഉത്തരവ് പ്രകാരം, മേഘാലയ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. വൈദ്യനാഥൻ, മദ്രാസ് ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് വി. പാർത്ഥിപൻ എന്നിവരടങ്ങുന്ന ഭരണസമിതിയുടെ മേൽനോട്ടത്തിൽ, നവംബർ 28-ന് വൈകുന്നേരം 5 മണിയോടെ തിരുപ്പരൻകുണ്ഡ്രം മലമുകളിലെ ‘ദീപത്തൂണിൽ’ കാർത്തിക ദീപം തെളിയിച്ചിരുന്നു

നവംബർ 24-ന് നടന്ന കാർത്തിക ദീപം ഉത്സവത്തോടനുബന്ധിച്ച് മലമുകളിലെ കൽത്തൂണിൽ ദീപം തെളിക്കാൻ നവംബർ 20-ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, പരമ്പരാഗത രീതി പിന്തുടർന്ന് ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപം മാത്രമാണ് ക്ഷേത്ര ട്രസ്റ്റി ബോർഡ് ദീപം തെളിച്ചത്. ഇതിനെതിരെ സമർപ്പിക്കപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിച്ച സുപ്രീം കോടതി, തമിഴ്‌നാട് സർക്കാരിൻ്റെ നടപടികളിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്‌നാട് സർക്കാരിനെയും ക്ഷേത്ര ഭരണസമിതിയെയും അതിരൂക്ഷമായാണ് സുപ്രീം കോടതി വിമർശിച്ചത്.സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായത് മനഃപൂർവമായ കോടതിയലക്ഷ്യവും അനുസരണക്കേടുമാണെന്ന് നിരീക്ഷിച്ച കോടതി, തിരുപ്പരൻകുണ്ഡ്രം അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡിനെ അടിയന്തരമായി സസ്പെൻഡ് ചെയ്യുകയും ചെയ്‌തു. ക്ഷേത്രത്തിന്‍റെയും കുന്നിന്‍റെയും സുരക്ഷാ ചുമതല തമിഴ്‌നാട് പൊലീസിൽ നിന്ന് മാറ്റി കേന്ദ്ര റിസർവ് പൊലീസ് സേനയ്ക്ക് (സിആര്‍പിഎഫ്) കൈമാറാനും ഉത്തരവിട്ടിരുന്നു. ക്ഷേത്ര ഭരണച്ചുമതല റിട്ടയേർഡ് ഹൈക്കോടതി ജഡ്‌ജിമാരായ എസ്. വൈദ്യനാഥൻ, വി. പാർത്ഥിബൻ എന്നിവരെ ഏൽപ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *