‘ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവര്‍ക്ക് മുൻ ജാതിയുടെ അടിസ്ഥാനത്തില്‍ സംവരണം അവകാശപ്പെടാനാകില്ല’: സുപ്രീം കോടതി

ഇസ്ലാം ഉള്‍പ്പെടെയുള്ള മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്ന വ്യക്തികള്‍ക്ക് തങ്ങളുടെ പൂർവ്വ ജാതിയുടെയോ സാമൂഹിക പിന്നാക്കാവസ്ഥയുടെയോ അടിസ്ഥാനത്തില്‍ മാത്രം പിന്നാക്ക വിഭാഗ സംവരണത്തിന് അവകാശമില്ലെന്ന് സുപ്രീം കോടതി വിധിച്ചു.മദ്രാസ് ഹൈക്കോടതിയുടെ മുൻ ഉത്തരവ് ശരിവെച്ചാണ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക വിധി. സർക്കാർ നല്‍കിയ അപ്പീല്‍ ഹർജി പരമോന്നത കോടതി തള്ളി.മതപരിവർത്തനം നടത്തുന്നതിലൂടെ ഒരു വ്യക്തിക്ക് സംസ്ഥാനത്ത് വിജ്ഞാപനം ചെയ്ത പിന്നാക്ക സമുദായങ്ങളുടെ അംഗത്വം സ്വയം ലഭിക്കില്ലെന്നും, മുൻ ജാതി പദവി പുതിയ മതത്തിലേക്ക് മാറ്റാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഹിന്ദു, സിഖ്, ബുദ്ധ മതങ്ങള്‍ക്ക് പുറത്തുള്ള മതങ്ങളിലേക്ക് മാറുന്നതോടെ ഭരണഘടനയുടെ ഉത്തരവ് പ്രകാരം പട്ടികജാതി (SC) പദവിയും അതിന്മേലുള്ള ആനുകൂല്യങ്ങളും റദ്ദാകും. പിന്നീട് തിരികെ ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയാല്‍ ഓരോ കേസും പ്രത്യേകം പരിശോധിച്ചു മാത്രമേ സംവരണ പദവി പുനഃസ്ഥാപിക്കാൻ കഴിയൂ എന്നും കോടതി ഉത്തരവിട്ടു.മതപരിവർത്തനം ചെയ്യുന്നവർക്ക് വിജ്ഞാപനം ചെയ്യപ്പെട്ട സമുദായ സർട്ടിഫിക്കറ്റുകള്‍ നല്‍കാൻ തമിഴ്‌നാട് സർക്കാർ 2024-ല്‍ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. അന്യമതത്തിലേക്ക് മാറുന്നതോടെ ഹിന്ദു സാമൂഹിക വ്യവസ്ഥിതിയുമായുള്ള നിയമപരമായ ബന്ധം വിച്ഛേദിക്കപ്പെടുമെന്നും, ആർട്ടിക്കിള്‍ 16(4) പ്രകാരമുള്ള സംവരണ ആനുകൂല്യങ്ങള്‍ തുടരാനാകില്ലെന്നും വ്യക്തമാക്കി സുപ്രീം കോടതി കേസ് തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *