സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റിന്‍റെ പേരില്‍ കെ പി സി സിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷക.കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷക സവിത സിങ് അറ്റോർണി ജനറലിന് കത്ത് നല്‍കി. വിവാദ എക്സ് പോസ്റ്റിന്‍റെ പേരില്‍ നേരത്തെ കെ പി സി സിക്ക് സുപ്രീം കോടതി നോട്ടീസയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകയുടെ നീക്കം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്‍റെ മാർച്ചിനിടെയായിരുന്നു വിവാദ എക്സ് പോസ്റ്റ് കോണ്‍ഗ്രസ് കേരള ഘടകത്തിന്‍റെ ഔദ്യോഗിക എക്സ് പേജില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ സഖ്യ നേതാക്കളെ കാണാൻ നിയമപ്രശ്നങ്ങളുള്ളതിനാല്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിലുള്ള രോഷമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. ‘സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങള്‍ കണ്ടെത്താം’ എന്നതടക്കമുള്ള കുറിപ്പ് വിവാദമായതോടെ ഉടനടി പിൻവലിച്ചിരുന്നു.സംഭവത്തില്‍ ഉത്തരവാദിയായ വ്യക്തിയെ ചുമതലയില്‍നിന്ന് നീക്കിയതായി പിന്നീട് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചിരുന്നു. കെ പി സി സി നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും സംഭവത്തില്‍ ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ വിഷയം ചൂണ്ടിക്കാട്ടി ഹർജി എത്തിയതോടെ വിവാദം സുപ്രീം കോടതിയുടെ പരിധിയിലാണ്.
ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷക; അറ്റോര്‍ണി ജനറലിന് കത്ത് നല്‍കി
