ട്രെയിനില്‍ ഉച്ചത്തില്‍ സംസാരിക്കരുത് പാട്ടുകേള്‍ക്കരുത്; കുറ്റക്കാ‍ര്‍ക്ക് 1000 രൂപ പിഴയും തടവും

പൊതു ഇടങ്ങളിലും ട്രെയിൻ യാത്രകളിലും മൊബൈല്‍ ഫോണുകളില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും സംസാരിക്കുന്നതും മറ്റ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് പതിവാണ്.ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടിരിക്കുകയാണ് സതേണ്‍ റെയില്‍വേ. ഇനി മുതല്‍ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഫോണില്‍ ഉച്ചത്തില്‍ പാട്ടുകേട്ടാലോ സംസാരിച്ചാലോ കനത്ത പിഴ ഈടാക്കുമെന്ന് സതേണ്‍ റെയില്‍വേ വ്യക്തമാക്കി. ആയിരം രൂപ പിഴ മുതല്‍ തടവ് വരെ ശിക്ഷ ലഭിക്കുമെന്നാണ് സതേണ്‍ റെയില്‍വേയുടെ സർക്കുലറില്‍ പറയുന്നത്.ഉച്ചത്തില്‍ പാട്ടുവെക്കുന്നവരില്‍ നിന്നും സംസാരിക്കുന്നവരില്‍ നിന്നും 1,000 രൂപ പിഴ ഈടാക്കും. ട്രെയിൻ കോച്ചുകളില്‍ നിന്ന് മാത്രമല്ല റെയില്‍വേയുടെ പരിസരത്ത് നിന്ന് പോലും ഇവരെ പുറത്താക്കുകയും ചെയ്യും. കുറ്റം ആവർത്തിക്കുന്നവർക്ക് 6 മാസം വരെ തടവും 5,000 രൂപ വരെ പിഴയും ഈടാക്കുമെന്നും സതേണ്‍ റെയില്‍വേയുടെ സർക്കുലറില്‍ വ്യക്തമാക്കുന്നു.യാത്രക്കാരുടെ സമാധാനത്തെയും സഞ്ചാരത്തെയും ബാധിക്കുന്ന ഇത്തരം പ്രവണതകള്‍ തടയാൻ മറ്റ് റെയില്‍വേ സോണുകള്‍ക്കും മെട്രോ സർവീസുകള്‍ക്കും ഈ വ്യവസ്ഥ ഉപയോഗിക്കാമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിലുള്ള നിയമപ്രകാരം മെട്രോ റെയിലുകളില്‍ ശല്യമുണ്ടാക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമാണ്. കൂടാതെ ഇങ്ങനെയുള്ളവരെ കോച്ചുകളില്‍ നിന്ന് പുറത്താക്കാനും സാധിക്കും. സതേണ്‍ റെയില്‍വേയുടെ ഈ മാതൃകാപരമായ തീരുമാനം വരും ദിവസങ്ങളില്‍ മറ്റ് മേഖലകളിലേക്കും നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *