ഉത്തർപ്രദേശില്‍ ഇസ്ലാം മതം സ്വീകരിച്ച രണ്ട് പ്രായപൂർത്തിയായ സഹോദരിമാരെ നിയമവിരുദ്ധമായി തടവിലാക്കിയ സംഭവത്തില്‍, യുവതികള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു.യുവതികളുടെ പിതാവും ഉത്തർപ്രദേശ് സർക്കാരും ചേർന്നാണ് ഈ തുക നല്‍കേണ്ടത്. ഇരുവരുടെയും മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇവരെ ഉടൻ മോചിപ്പിക്കാനും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അനുവദിക്കാനും നിർദേശം നല്കി.ജസ്റ്റിസ് സന്ദീപ് ജെയിൻ അധ്യക്ഷനായ ബെഞ്ചാണ് ഈ ഹേബിയസ് കോർപ്പസ് ഹരജി പരിഗണിച്ചത്. ദിയ ഭാട്ടിയ (20), അൻഷു ഭാട്ടിയ (35) എന്നിവരായിരുന്നു ഹരജിക്കാർ. പ്രായപൂർത്തിയായ പൗരന്മാർ എന്ന നിലയില്‍ സ്വന്തം വിശ്വാസം, താമസസ്ഥലം, മറ്റ് വ്യക്തിപരമായ കാര്യങ്ങള്‍ എന്നിവ തീരുമാനിക്കാൻ ഇവർക്ക് പൂർണ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. യുവതികളുമായി നേരിട്ട് ആശയവിനിമയം നടത്തിയ കോടതി, ഇവർക്ക് മേല്‍ യാതൊരുവിധ ഭീഷണിയോ സമ്മർദ്ദമോ ഇല്ലെന്നും സ്വമേധയാ ആണ് അവർ ഈ തീരുമാനങ്ങളെടുത്തതെന്നും നിരീക്ഷിച്ചു.യുവതികള്‍ക്ക് ഏത് സ്ഥലത്തും ആരുടെ കൂടെയും താമസിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും, പിതാവോ മറ്റ് വ്യക്തികളോ സർക്കാരോ ഇതില്‍ ഇടപെടരുതെന്നും കോടതി കർശന നിർദേശം നല്കി. 25 ലക്ഷം രൂപ നഷ്ടപരിഹാരത്തില്‍ 50 ശതമാനം തുക പിതാവായ അനില്‍ കുമാർ ഭാട്ടിയയില്‍ നിന്നും ഈടാക്കാൻ സംസ്ഥാന സർക്കാരിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. ബാക്കി തുക യുവതികളുടെ സ്വാതന്ത്ര്യം നിഷേധിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരില്‍ നിന്നും നിയമപ്രകാരം ഈടാക്കാം. യുവതികളുടെ പാസ്പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകള്‍, ബാങ്ക് രേഖകള്‍ എന്നിവ ഏഴ് ദിവസത്തിനകം തിരികെ നല്‍കാനും പിതാവിനോട് ഉത്തരവിട്ടിട്ടുണ്ട്. യുവതികള്‍ക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നും സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു.തങ്ങളുടെ മതപരമായ തീരുമാനങ്ങളെ എതിർത്തുകൊണ്ട് 2025 മേയ് മാസത്തില്‍ പിതാവ് ആഗ്രയില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും, പൊലീസിന്റെ സഹായത്തോടെ തന്നെ തങ്ങളെ വീട്ടുതടങ്കലില്‍ ആക്കിയെന്നുമാണ് യുവതികള്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ നിർബന്ധിത മതപരിവർത്തനം നടന്നിട്ടില്ലാത്തതിനാല്‍ ഉത്തർപ്രദേശിലെ 2021ലെ മതപരിവർത്തന നിരോധന നിയമം ഇവിടെ ബാധകമല്ലെന്ന് അവരുടെ അഭിഭാഷകൻ വാദിച്ചു. ഈ മതപരിവർത്തനങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ ഹരജിയെ എതിർത്തിരുന്നു. എന്നാല്‍ മതപരിവർത്തനത്തിന്റെ നിയമസാധുതയും നിയമവിരുദ്ധമായ തടങ്കലും രണ്ടും തികച്ചും വ്യത്യസ്തമായ വിഷയങ്ങളാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇസ്ലാം സ്വീകരിച്ച യുവതികളെ വീട്ടുതടങ്കലിലാക്കി; പിതാവിനും യുപി സര്‍ക്കാരിനും 25 ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി
