പിണറായി വിജയന് നിര്‍ണായക ദിനം; ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

വിവാദമായ മാസപ്പടിക്കേസില്‍ വിജിലൻസ് അന്വേഷണത്തിനും എഫ്.ഐ.ആറിനും നിർദേശിച്ച കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഉള്‍പ്പെടെയുള്ളവർ നല്‍കിയ അപ്പീല്‍ ഹർജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.ദസറ അവധിക്കാലത്ത് ഹർജികള്‍ അടിയന്തരമായി പരിഗണിക്കുന്നതിനായി സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു.പിണറായി വിജയൻ, മകള്‍ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് തുടങ്ങിയവരാണ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ആരോപണവിധേയരുടെ ഭാഗം കേള്‍ക്കാതെ കേസെടുക്കാൻ ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് നടപടിയില്‍ ഇടപെടാൻ നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. തുടർന്നാണ് ഇവർ അടിയന്തര ആശ്വാസം തേടി രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിച്ചത്.കേസില്‍ മുതിർന്ന നേതാവായ പിണറായി വിജയനെതിരെയുള്ള അന്വേഷണവും അറസ്റ്റ് സാധ്യതയും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകർ ഹർജി എത്രയും വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ബെഞ്ച് കേസ് പരിഗണിക്കുന്നത്. വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നും, അതിന്മേലുള്ള തുടർനടപടികളും ഇ.ഡി അന്വേഷണവും സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം.പിണറായിയുടെ തിരുവനന്തപുരത്തെ വസതിയില്‍ ഇ.ഡി സമൻസ് പതിക്കുകയും ഒക്ടോബർ 23 വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിനായി ഇ.ഡിയുടെ ഉന്നത ഉദ്യോഗസ്ഥ സംഘം ഇന്ന് കൊച്ചിയിലെത്തും.ഇന്നത്തെ സുപ്രീം കോടതിയുടെ തീരുമാനത്തില്‍ നിന്ന് സ്റ്റേ അനുവദിച്ച്‌ കിട്ടുമോ അതോ വെള്ളിയാഴ്ച ഇ.ഡിക്ക് മുന്നില്‍ ഹാജരാകേണ്ടി വരുമോ എന്നതിനെ ആശ്രയിച്ചായിരിക്കും കേസിന്റെ തുടർഗതി. സംസ്ഥാന സർക്കാരിന്റെയും ഇ.ഡിയുടെയും ഹർജിക്കാരനായ കെ.എം. ഷാജഹാന്റെയും അഭിഭാഷകർ ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകും. പിണറായി വിജയനും കുടുംബത്തിനും ഏറെ നിർണ്ണായകമായ കോടതി നിരീക്ഷണങ്ങള്‍ക്കായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *