പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.കൊലപാതക വിവരം മറച്ചുവെച്ചതിന് കൊല്ലപ്പെട്ടയാളുടെ പിതാവിനും ശിക്ഷ ലഭിച്ചു.ഉടുമ്പൻചോല കൂട്ടലാർ ചൂരക്കാട്ടിൽ ബിജു (48) കൊല്ലപ്പെട്ട കേസിലാണ് ഇടുക്കി ജില്ലാ മൂന്നാം അഡീഷണൽ കോടതി ജഡ്ജി എസ്.എസ്. സീന ശിക്ഷ പ്രഖ്യാപിച്ചത്. ബിജുവിന്റെ മകൻ ബിബിൻ (28) ആണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. കേസിൽ പ്രതിയായ ബിജുവിന്റെ പിതാവ് ഗോപാലന് (80) 25,000 രൂപ പിഴയും കോടതി വിധിച്ചു.2019 ജൂലൈ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ബിജുവും മകൻ ബിബിനും തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. സംഭവദിവസവും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് കട്ടിലിൽ കിടക്കുകയായിരുന്ന ബിജുവിന്റെ തലയിലും നെറ്റിയിലും ബിബിൻ മരക്കഷണം ഉപയോഗിച്ച് അടിക്കുകയായിരുന്നു. ആക്രമണത്തിൽ ബിജുവിന് ഗുരുതരമായി പരിക്കേൽക്കുകയും തലയോട്ടിക്ക് ക്ഷതമേൽക്കുകയും ചെയ്തു.
അച്ഛനെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
സംഭവം നേരിട്ടറിഞ്ഞിട്ടും വിവരം പുറത്തറിയിക്കാനോ ബിജുവിനെ ആശുപത്രിയിലെത്തിക്കാനോ ഗോപാലൻ തയ്യാറായില്ലെന്നാണ് കേസ്. കൊലപാതക വിവരം മറച്ചുവെച്ച കുറ്റത്തിനാണ് ഗോപാലനെ കോടതി ശിക്ഷിച്ചത്.അച്ഛനെ അടിച്ചിട്ടിട്ടുണ്ടെന്ന് ബിബിൻ ഒരു ബന്ധുവിനോട് പറഞ്ഞതിനെത്തുടർന്നാണ്, അവരെത്തി ബിജുവിനെ ആശുപത്രിയിലെത്തിച്ചത്. മധുര രാജാജി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരവേയാണ് മരിച്ചത്. ബിജു വീണുപരിക്കേറ്റതാണെന്നാണ് ഗോപാലൻ പോലീസിനോടുംമറ്റും പറഞ്ഞത്. മാത്രമല്ല, തെളിവുകൾ നഷ്ടമാക്കാനും ഗോപാലൻ ശ്രമിച്ചു.ഉടുമ്പൻചോല എസ്.എച്ച്.ഒ. എ. ഷൈൻകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോണി അലക്സ് ഹാജരായി. സിവിൽ പോലീസ് ഓഫീസർ എ. അനീറ്റ് ആയിരുന്നു പ്രോസിക്യൂഷൻ സഹായി.
