വൃദ്ധസദനങ്ങളെക്കുറിച്ചും വയോധികർക്ക് ലഭിക്കുന്ന സൗകര്യങ്ങളെകുറിച്ചും റിപ്പോർട്ട് സമർപ്പിക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ന്യൂഡൽഹി: വൃദ്ധസദനങ്ങളുടെ നടത്തിപ്പ്, വയോധികർക്ക് ലഭ്യമാക്കുന്ന സൗകര്യങ്ങൾ എന്നിവയെ സംബന്ധിച്ച് പുതിയ റിപ്പോർട്ടുകൾ സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള നടപടികൾ ഫലപ്രദമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2016-ൽ സമർപ്പിക്കപ്പെട്ടതും ദീർഘകാലമായി തീർപ്പാകാതെ കിടക്കുന്നതുമായ പൊതുതാൽപര്യ ഹർജി പരിഗണിക്കവെയായിരുന്നു ബെഞ്ചിൻ്റെ നടപടി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.ഓരോ ജില്ലയിലും വൃദ്ധസദനങ്ങൾ സ്ഥാപിക്കുക, വൃദ്ധജനങ്ങൾക്ക് മതിയായ പെൻഷനും വയോജന പരിചരണവും ഉറപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. അശ്വനി കുമാറാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.കോടിക്കണക്കിന് വയോജനങ്ങളുടെ അവകാശങ്ങളും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയമായിരുന്നിട്ടും ഈ കേസിലെ തുടർനടപടികൾ വർഷങ്ങളായി പരിഗണിക്കപ്പെടാതെ കിടക്കുകയാണെന്ന് കോടതിയിൽ ഹാജരായപ്പോൾ അശ്വനി കുമാർ ചൂണ്ടിക്കാട്ടി. അതിനാൽ വിഷയം അടിയന്തരമായി പരിഗണനക്കെടുക്കണമെന്നും അദ്ദേഹം ബെഞ്ചിനോട് അഭ്യർത്ഥിച്ചു.സുപ്രീം കോടതിക്ക് പൊതുവായ തത്വങ്ങൾ രൂപീകരിക്കാൻ കഴിയുമെന്നും അവ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹൈക്കോടതികളോട് ആവശ്യപ്പെടാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഗവായ് പറഞ്ഞു. ഈ വിഷയം ബന്ധപ്പെട്ട ഹൈക്കോടതികളിലേക്ക് മാറ്റണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. എന്നാൽ വയോജനങ്ങൾക്കുള്ള നിലവിലെ അടിസ്ഥാന സൗകര്യങ്ങളെയും സംവിധാനങ്ങളെയും കുറിച്ച് ആദ്യം എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പുതുക്കിയ വിവരങ്ങൾ തേടാൻ ബെഞ്ച് തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *