പിഎംഎല്‍എ കേസിൽ ഭൂപേഷ് അറോറയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി; രോഹിത് വിജയ്‌യുടെ ഹർജിയും തള്ളി

ന്യൂഡൽഹി : ചൈനീസ് നിക്ഷേപ ആപ്പുകൾ വഴിയുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യവസായി ഭൂപേഷ് അറോറയ്ക്ക് ഡൽഹി ഹൈക്കോടതി അനുവദിച്ചിരുന്ന ജാമ്യം സുപ്രീം കോടതി റദ്ദാക്കി. കേസിലെ കൂട്ടു പ്രതിയായ രോഹിത് വിജയുടെ ജാമ്യാപേക്ഷയും സുപ്രീം കോടതി തള്ളി.എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസുമാരായ എം. എം. സുന്ദ്രേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രാഥമിക കുറ്റകൃത്യത്തിൽ ഒത്തുതീർപ്പ് ഉണ്ടായതുകൊണ്ട് മാത്രം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള നടപടികൾ ഇല്ലാതാകുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.കേസിന് ആധാരമായ എഫ്ഐആർ ഒത്തുതീർപ്പാക്കി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് 2026 ഫെബ്രുവരിയിൽ ഡൽഹി ഹൈക്കോടതി ഭൂപേഷ് അറോറയ്ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോൾ സുപ്രീം കോടതി റദ്ദാക്കിയത്. ഉയർന്ന വരുമാനം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ആകർഷിച്ച LOXAM ഉൾപ്പെടെയുള്ള തട്ടിപ്പ് നിക്ഷേപ ആപ്പുകളുടെ ശൃംഖലയെക്കുറിച്ച് ഇഡി നടത്തിയ അന്വേഷണത്തിൽ നിന്നാണ് കേസ് ഉടലെടുത്തത്.ഈ ആപ്പുകൾ വഴി ലഭിച്ച പണം പല ബാങ്ക് അക്കൗണ്ടുകളിലൂടെയും സ്ഥാപനങ്ങളിലൂടെയും കടത്തിവിട്ട ശേഷം പണമായും വിദേശ കറൻസിയായും മാറ്റി ഹവാല മാർഗങ്ങളിലൂടെ വിദേശത്തേക്ക് അയക്കുകയായിരുന്നു. ഫണ്ട് കൈമാറ്റത്തിൽ രോഹിത് വിജ നിർണായക പങ്ക് വഹിച്ചതായി ഇഡി ആരോപിക്കുന്നു. പ്രോസിക്യൂഷൻ കേസ് പ്രകാരം, രഞ്ജൻ മണികോർപ്പ് പ്രൈവറ്റ് ലിമിറ്റഡ്, കെഡിഎസ് ഫോറെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുമായി വിജയ്ക്ക് ബന്ധമുണ്ടായിരുന്നു.ഈ സ്ഥാപനങ്ങൾ വഴിയാണ് ബാങ്ക് ട്രാൻസ്‌ഫറുകൾ വഴി ലഭിച്ച പണം പണമായും വിദേശ കറൻസിയായും മാറ്റുകയും പിന്നീട് ഹവാല മാർഗങ്ങളിലൂടെ കടത്തുകയും ചെയ്‌തത്. അതേസമയം ഈ ശൃംഖലയിൽ ഉയർന്ന തലത്തിലുള്ള പങ്കാണ് ഭൂപേഷ് അറോറ വഹിച്ചതെന്ന് ഇഡി ആരോപിക്കുന്നു. വ്യാജ സ്ഥാപനങ്ങളുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും, കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം വിവിധ ഘട്ടങ്ങളിലൂടെ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം പങ്കാളിയാണെന്നും ഏജൻസി ആരോപിക്കുന്നു.ശൃംഖല വഴി മാറ്റിയ പണമോ വിദേശ കറൻസിയോ ചില അവസരങ്ങളിൽ അറോറയ്ക്ക് കൈമാറിയെന്ന മൊഴികളും ഇഡി ഇതിനായി ആശ്രയിച്ചിട്ടുണ്ട്. അത്തരം ആപ്പുകൾ വഴി ലഭിച്ച പണം കൈമാറാൻ ഉപയോഗിച്ച കമ്പനികളും ബാങ്ക് അക്കൗണ്ടുകളും സ്ഥാപിക്കുന്നതിൽ പങ്കാളികളായിരുന്നെന്ന് ആരോപിക്കപ്പെടുന്ന ചൈനീസ്, തായ്‌വാനീസ് പൗരന്മാരുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണത്തിൽ പരാമർശിച്ചിട്ടുണ്ട്. 2026 ഫെബ്രുവരിയിൽ ഡൽഹി ഹൈക്കോടതി അറോറയ്ക്ക് സ്ഥിരം ജാമ്യം അനുവദിച്ചിരുന്നു.അദ്ദേഹത്തിൻ്റെ ഹർജി പരിഗണിക്കുമ്പോൾ, ‘പ്രെഡിക്കേറ്റ് ഒഫെൻസ്’ റദ്ദാക്കപ്പെട്ടത് തുടർന്നുള്ള പിഎംഎൽഎ നടപടികളെ എങ്ങനെ ബാധിക്കുമെന്ന് ഹൈക്കോടതി പരിശോധിച്ചു. വിജയുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. തട്ടിപ്പ് സ്വഭാവമുള്ള നിക്ഷേപ-ആപ്പ് ശൃംഖലയിലൂടെ ലഭിച്ച പണം വെളുപ്പിച്ചെന്നാരോപിച്ച് ഇഡി നടത്തിയ അന്വേഷണത്തിൽ നിന്നാണ് ഇരുവർക്കുമെതിരായ നടപടികൾ ഉടലെടുത്തത്.അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ കൗശിക്കും അഭിഭാഷകൻ അർക്കാജ് കുമാറും ഇഡിക്ക് വേണ്ടി ഹാജരായി. അറോറയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷക മുക്ത ഗുപ്‌തയും വിജയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് അഗർവാളും ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *