തൃശൂർ: ഹൈറേഞ്ച് ഹൈവേയുടെ ഭാഗമായ ചൈപ്പൻകുഴിക്ക് സമീപമുള്ള രണ്ഡുകായ്-വെട്ടില്ലപ്പാറ പ്രദേശത്തെ വനഭൂമി കൈയേറ്റത്തിലും നിയമവിരുദ്ധ ഭൂമി കൈമാറ്റത്തിലും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അനിമൽസ് ആൻഡ് നേച്ചർ എത്തിക്സ് കമ്മ്യൂണിറ്റി എഎ.ഇസി.ട്രസ്റ്റ് നൽകിയ പരാതിയിൽ വനം വകുപ്പിനോട് വിശദീകരണം തേടി സുപ്രീം കോടതിയുടെ സെൻട്രൽ എംപവേർഡ് കമ്മിറ്റി .
നവംബർ 10-ന് അയച്ചകത്തിലാണ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സിനോട് സമിതി വിശദീകരണം ആവശ്യപ്പെട്ടത്.
ചൈപ്പൻകുഴി പ്രദേശത്തെ അൻപതോളം കുടുംബങ്ങളുടെ കൈവശമുള്ള ഭൂമിയുടെ നിയമപരമായ സ്ഥിതി, വനഭൂമി അനധികൃതമായി പതിച്ചുനൽകിയെന്ന ആരോപണം, വനമേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പരാതിയിൽ ഗുരുതരമായ ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പ്രസ്തുത പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങളും വീതി കൂട്ടുന്ന ജോലികളും നടത്തുന്നതിന് കേന്ദ്ര വനസംരക്ഷണ നിയമപ്രകാരം മുൻകൂർ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ട്രസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമലംഘനങ്ങൾ കണ്ടെത്തുന്ന പക്ഷം കർശന നിയമനടപടി സ്വീകരിക്കണമെന്നും, ഒപ്പം മേഖലയിൽ വനേതര പ്രവർത്തനങ്ങളും മാറ്റങ്ങളും തടയാൻ നിർദ്ദേശം നൽകണമെന്നും ട്രസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക പരിശോധനകൾക്കും ഭരണപരമായ ഉത്തരവാദിത്തങ്ങൾക്കും ഈ നടപടി നിർണായകമാണെന്ന് എ.എൻ.ഇ.സി. ട്രസ്റ്റ് വ്യക്തമാക്കി.
