സോഷ്യൽ മീഡിയ ഭീമന്മാർക്ക് തിരിച്ചടി; നിതിൻ ഗഡ്കരിക്ക് സിവിൽ കേസ് ഫയൽ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: എഥനോൾ മിശ്രിത ഇന്ധന വിവാദവുമായി ബന്ധപ്പെട്ട് നിർമ്മിച്ച വ്യാജ എ.ഐ ഡീപ്‌ഫേക്ക് വീഡിയോകളിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് സിവിൽ കേസ് ഫയൽ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി. മെറ്റാ പ്ലാറ്റ്‌ഫോംസ്, എക്‌സ് കോർപ്പറേഷൻ, ഗൂഗിൾ എൽ.എൽ.സി എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ ഗഡ്കരിക്ക് സിവിൽ കേസ് ഫയൽ ചെയ്യാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. എഥനോൾ ബ്ലെൻഡഡ് പെട്രോൾ (ഇ.ബി.പി) പദ്ധതിയുമായും ഇ20 സംരംഭവുമായും തനിക്ക് തെറ്റായ രീതിയിൽ ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ട് പദ്ധതികളും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിൽ മാത്രമാണ് വരുന്നതെന്നും, ഈ പദ്ധതികളിൽ ഗഡ്കരിക്ക് യാതൊരു പങ്കുമില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.തന്റെ പ്രവർത്തനങ്ങളെക്കുറിച്ചോ സർക്കാരിന്റെ നയങ്ങളെക്കുറിച്ചോ ഉള്ള പൊതുജനങ്ങളുടെ ചർച്ചകളെയോ വിമർശനങ്ങളെയോ തടയുകയല്ല ഈ ഹർജിയുടെ ലക്ഷ്യമെന്ന് ഗഡകരി വ്യക്തമാക്കി. തന്റെ പൊതുജീവിതത്തെയോ സർക്കാർ നയങ്ങളെയോ ഔദ്യോഗിക ചുമതലകളെയോക്കുറിച്ചുള്ള ന്യായമായ വിമർശനങ്ങളെയോ, വിയോജിപ്പുകളെയോ, അഭിപ്രായ പ്രകടനങ്ങളെയോ തടയാൻ ആഗ്രഹിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു. അജ്ഞാതരായ വ്യക്തികൾ പോസ്റ്റുകളും എ.ഐ നിർമ്മിത വീഡിയോകളും പ്രചരിപ്പിച്ചതിലൂടെ ഇ.ബി.പി, ഇ20 പദ്ധതികളുടെ വ്യക്തിപരമായ ഉത്തരവാദിത്തം ഗഡ്കരിക്കാണെന്ന് തെറ്റായി ചിത്രീകരിക്കപ്പെട്ടെന്നും ഇതിലൂടെ അദ്ദേഹവും കുടുംബവും ലാഭമുണ്ടാക്കിയെന്ന് ആരോപിക്കുകയും ചെയ്തതായി ഹർജി വ്യക്തമാക്കുന്നു. തനിക്ക് എതിരായ ഈ ആരോപണങ്ങൾ പൂർണ്ണമായും വ്യാജവും ദുരുദ്ദേശ്യപരവുമാണെന്നും തന്റെ പേരിന് നികത്താനാവാത്ത കളങ്കമുണ്ടാക്കിയെന്നും ഗഡ്കരി ഹർജിയിൽ പറയുന്നു. ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും ലിങ്കുകൾ റദ്ദാക്കാനും പ്രചരിപ്പിക്കുന്നത് തടയാനും എതിർകക്ഷികൾക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യാൻ ഗഡ്കരിക്ക് അനുമതി നൽകിയ കോടതി താത്കാലിക സ്റ്റേ ഉൾപ്പെടെയുള്ള അപേക്ഷ പിന്നീട് പരിഗണിക്കുമെന്ന് അറിയിച്ചു. കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം എന്നിവരെയും കേസിൽ എതിർകക്ഷികളായി ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *