കൊച്ചി: തൊഴിലിടത്തെ ലൈംഗികാതിക്രമം തടയുന്ന പോഷ് ആക്ട് പ്രകാരമുള്ള പരാതികളിൽ നടപടി സ്വീകരിക്കുംമുൻപ് പരാതിയുടെ പകർപ്പ് പ്രതിക്ക് നൽകണമെന്നും ക്രോസ് വിസ്താരത്തിന് അവസരം നൽകണമെന്നും ഹൈക്കോടതി. ഇല്ലെങ്കിൽ സ്വഭാവിക നീതി നിഷേധിക്കപ്പെടുമെന്ന് ജസ്റ്റിസ് എം.ബി. സ്നേഹലത അഭിപ്രായപ്പെട്ടു.കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് ജീവനക്കാർക്കെതിരായ ആഭ്യന്തര പരാതി സമിതിയുടെ (ഐ.സി.സി.) റിപ്പോർട്ട് റദ്ദാക്കിയ ഉത്തരവിലാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.ഹർജിക്കാരിൽ ഒരാളെ പിരിച്ചുവിടുന്നതടക്കമുള്ള നടപടിയാണ് ഉണ്ടായത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ ശേഷമാണ് പരാതിയുടെ പകർപ്പ് ഹർജിക്കാർക്ക് ലഭിച്ചത്. ഐ.സി.സി.യുടെ റിപ്പോർട്ട് വന്ന ശേഷമായിരുന്നു ഇത്. അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്തിയപ്പോഴും പരാതിയുടെ പകർപ്പ് നൽകിയില്ല. പരാതിക്കാരിയെ ക്രോസ് വിസ്താരം ചെയ്യാനുള്ള അവസരം ലഭിച്ചില്ലെന്നും ഇവർ വാദിച്ചു.പരാതിയുടെ പകർപ്പും അനുബന്ധ രേഖകളും നൽകണമെന്ന് പോഷ് നിയമത്തിന്റെ ചട്ടം ഏഴ് വ്യക്തമാക്കിയിട്ടുണ്ടെന്നും അതുണ്ടായില്ലെങ്കിൽ സ്വഭാവിക നീതിയാണ് നിഷേധിക്കുന്നതെന്നും കോടതി വിലയിരുത്തി.പരാതിയുടെ പകർപ്പടക്കം നൽകി ഐ.സി.സി. രണ്ട് മാസത്തിനകം വീണ്ടും അന്വേഷണം നടത്താനും നിർദേശിച്ചു.
തൊഴിലിടത്തെ ലൈംഗികാതിക്രമം: പരാതിയുടെ പകർപ്പ് കുറ്റാരോപിതർക്ക് നൽകണം- ഹൈക്കോടതി
