രാജ്യത്തെ വിദ്യാലയങ്ങളിലും കോളേജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം ഉടൻ തന്നെ പാഠ്യപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ആരോഗ്യ സംരക്ഷണം, കുട്ടികളുടെ സുരക്ഷ, വ്യക്തിബന്ധങ്ങൾ എന്നിവയിൽ വിപ്ലവകരമായ മാറ്റത്തിന് വഴിതുറക്കുന്നതാണ് കേന്ദ്രത്തിന്റെ ഈ നിർണ്ണായക നീക്കം. ലൈംഗികത, പ്രത്യുത്പാദന ആരോഗ്യം, കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ എന്നിവയെക്കുറിച്ച് രാജ്യവ്യാപകമായി കൃത്യമായ അവബോധം നൽകാൻ സമഗ്രമായ പദ്ധതി വേണമെന്ന് രണ്ട് വർഷം മുമ്പ് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവെ 2024 സെപ്റ്റംബറിലാണ് സുപ്രീം കോടതി ഇതിൽ വിധി പുറപ്പെടുവിച്ചത്. കുട്ടികളെ സംരക്ഷിക്കാൻ ഒളിച്ചുവെക്കലല്ല കൃത്യമായ വിദ്യാഭ്യാസമാണ് വേണ്ടതെന്ന് കോടതി അന്ന് വ്യക്തമാക്കിയിരുന്നു. ലൈംഗിക വിദ്യാഭ്യാസം എന്നത് ഇന്ത്യൻ സാമൂഹിക മൂല്യങ്ങൾക്ക് നിരക്കാത്ത പാശ്ചാത്യ സങ്കൽപ്പമല്ലെന്നും തെറ്റിദ്ധാരണകൾ മൂലം പല സംസ്ഥാനങ്ങളും ഇത്തരം പദ്ധതികളെ എതിർക്കുകയോ നിരോധിക്കുകയോ ചെയ്യുകയാണെന്നും കോടതി നിരീക്ഷിച്ചു.തുടർന്ന്, പ്രായത്തിനനുസരിച്ചുള്ള ലൈംഗിക വിദ്യാഭ്യാസവും പോക്സോ നിയമത്തെക്കുറിച്ചുള്ള അവബോധവും ചെറുപ്രായം മുതൽ തന്നെ കുട്ടികളിൽ എത്തിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇത് കുട്ടികളിൽ ആരോഗ്യകരമായ മനോഭാവം വളർത്താനും വികലമായ ചിന്തകളിൽ നിന്ന് അവരെ സംരക്ഷിക്കാനും സഹായിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. 2025 മേയിലും കൗമാരക്കാരുടെ ബന്ധങ്ങളുമായി ബന്ധപ്പെട്ട ഒരു പോക്സോ കേസ് പരിഗണിക്കവെ കോടതി ഈ ആവശ്യം ആവർത്തിച്ചിരുന്നു.കേന്ദ്രത്തിന്റെ മറുപടിയും നിർദ്ദേശങ്ങളും:സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾക്ക് മറുപടിയായാണ് സമഗ്ര ലൈംഗിക വിദ്യാഭ്യാസം സ്കൂൾ-കോളേജ് പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്താൻ തത്വത്തിൽ തീരുമാനിച്ചതായി കേന്ദ്രം വ്യക്തമാക്കിയത്.കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള അവബോധം പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമാക്കാൻ വിദഗ്ധ സമിതി നിർദ്ദേശിച്ചിട്ടുണ്ട്.സുരക്ഷിതമല്ലാത്ത പെരുമാറ്റങ്ങൾ തിരിച്ചറിയുക, സ്വന്തം ശരീരത്തിന്മേലുള്ള അവകാശം മനസിലാക്കുക, ആവശ്യഘട്ടങ്ങളിൽ സഹായം തേടുക എന്നിവ കുട്ടികളെ പഠിപ്പിക്കും.ലൈംഗിക വിദ്യാഭ്യാസം എന്നത് കേവലം പ്രത്യുത്പാദനത്തെക്കുറിച്ചുള്ള പഠനം മാത്രമല്ല. വളർച്ചയുടെ ഘട്ടങ്ങൾ, ശാരീരിക-മാനസിക മാറ്റങ്ങൾ, പരസ്പര സമ്മതം , വ്യക്തിഗത അതിരുകൾ, ഡിജിറ്റൽ സുരക്ഷ, ലിംഗസമത്വം എന്നിവ ഇതിൽ ഉൾപ്പെടുന്നു.ചെറിയ കുട്ടികൾക്ക് ശരീരത്തിന്റെ സുരക്ഷ, സ്വകാര്യത, മോശം സ്പർശനങ്ങൾ എന്നിവ തിരിച്ചറിയുന്നതിലാകും മുൻഗണന നൽകുക. മുൻപ് 2000-കളുടെ അവസാനത്തിൽ നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ പങ്കാളിത്തത്തോടെ കൗമാര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ സാംസ്കാരിക മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് പല സംസ്ഥാനങ്ങളും ഇത് തടഞ്ഞിരുന്നു. എന്നാൽ ഈ വാദങ്ങളെ സുപ്രീം കോടതി തള്ളി.നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് പ്രതിവർഷം പതിനായിരക്കണക്കിന് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. ഈ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തി ശാസ്ത്രീയമായ തെളിവുകളും സാമൂഹികമായ സവിശേഷതകളും സമന്വയിപ്പിച്ച് അധ്യാപകർക്ക് കൃത്യമായ പരിശീലനം നൽകി ഈ പദ്ധതി ക്ലാസ് മുറികളിലേക്ക് എത്തിക്കുക എന്നതാണ് കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം.
സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കും; കേന്ദ്രം സുപ്രീം കോടതിയെ നിലപാടറിയിച്ചു
