മക്കളെ വളർത്തുന്നത് പിതാവിന്റെ ഉത്തരവാദിത്തം; ജോലിയില്ലെന്ന കാരണം പറഞ്ഞ് രക്ഷപ്പെടാനാകില്ലെന്ന് കോടതി

മുംബൈ: തൊഴിലില്ലായ്മയോ കുറഞ്ഞ വരുമാനമോ കാരണമായി ചൂണ്ടിക്കാണിച്ച് മക്കൾക്ക് ചെലവിന് നൽകുന്ന ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒരു പിതാവിനും ഒഴിഞ്ഞുമാറാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത മകനും മകൾക്കും മാസംതോറും കൃത്യമായി ജീവനാംശം നൽകാൻ ഉത്തരവിട്ടുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.തന്റെ മക്കൾക്ക് പ്രതിമാസം ചെലവിന് നൽകണമെന്ന കീഴ്‌ക്കോടതി ഉത്തരവിനെതിരെ പിതാവ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. അമരാവതിയിലെ ബുൽധാന സ്വദേശിയായ ഹർജിക്കാരനോട് മകനും മകൾക്കും 4,000 രൂപ വീതം ആകെ 8,000 രൂപ പ്രതിമാസം ജീവനാംശം നൽകാനായിരുന്നു കീഴ്‌ക്കോടതി നിർദ്ദേശിച്ചിരുന്നത്.എന്നാൽ താൻ നിലവിൽ തൊഴിൽരഹിതനാണെന്നും മക്കൾക്ക് സാമ്പത്തിക സഹായം നൽകാൻ തനിക്ക് കഴിയില്ലെന്നുമാണ് ഹർജിക്കാരൻ ഹൈക്കോടതിയിൽ വാദിച്ചത്. തന്റെ ഏക വരുമാനമാർഗമായിരുന്ന ഓട്ടോറിക്ഷയും വിറ്റെന്ന് ഇയാൾ കോടതിയെ അറിയിച്ചു.എന്നാൽ ഈ വാദങ്ങൾ മുഴുവനും തള്ളിക്കളഞ്ഞ ഹൈക്കോടതി, മക്കളെ വളർത്തുകയും അവർക്ക് ആവശ്യമായ പിന്തുണ നൽകുന്നതും ഒരു പിതാവിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കി. പത്തും ഏഴും വയസ് മാത്രം പ്രായമുള്ള കുട്ടികളുടെ വളർച്ചയും ഭാവിയും കണ്ടില്ലെന്ന് നടിക്കാൻ കോടതിക്കാവില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.തൊഴിലില്ലായ്മയോ വരുമാനക്കുറവോ മക്കളോടുള്ള ഉത്തരവാദിത്തം നിറവേറ്റാതിരിക്കാനുള്ള കാരണമേയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന് മുൻപ് കോടതി നിശ്ചയിച്ചിരുന്ന ജീവനാംശ തുക പോലും മക്കൾക്ക് നൽകുന്നതിൽ പിതാവ് പരാജയപ്പെട്ടതായും ഹൈക്കോടതി വിധിന്യായത്തിൽ പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *