എസ്‌ഐആറില്‍ ഗുരുതര ക്രമക്കേടുകള്‍; നടപടികള്‍ നിര്‍ത്തിവെക്കണം: സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി രാഹുല്‍ ഗാന്ധി

എസ്‌ഐആര്‍ വഴി വോട്ടർമാരെ ഒഴിവാക്കിയെന്നും ഗുരുതര ക്രമക്കേടുകള്‍ നടന്നുവെന്നും ആരോപിച്ച്‌ രാഹുല്‍ ഗാന്ധി സുപ്രിംകോടതിയില്‍ ഹരജി നല്‍കി.എസ്‌ഐആർ നടപടികള്‍ ഉടനടി നിർത്തിവെക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധിക്കുവേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകരാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹരജി നാളെ പരിഗണിക്കും.നേരത്തെ, വിഷയത്തില്‍ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ ഗാന്ധി അനുമതി തേടിയിരുന്നെങ്കിലും, സമാനമായ വിഷയങ്ങള്‍ കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ കൂടിക്കാഴ്ച നിഷേധിക്കുകയായിരുന്നു. ഹരജി നല്‍കാൻ സ്വാതന്ത്ര്യമുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഒക്ടോബർ 13ന് പരിഗണിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഹരജിയും പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.തുടർന്നാണ് രാഹുല്‍ ഗാന്ധി റിട്ട് ഹർജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. ഗ്യാനേഷ് കുമാറിനെതിരെ ഇന്‍ഡ്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച സുപ്രിംകോടതി മാർച്ച്‌ പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്‍ഡ്യ സഖ്യ നേതാക്കളും എം.പിമാരും പ്രത്യേകം സജ്ജമാക്കിയ ബസിലാണ് സുപ്രിംകോടതിയിലേക്ക് മാർച്ച്‌ നടത്തുന്നത്. കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബില്‍നിന്ന് റാഫി മാർഗില്‍ക്കൂടി അശോക മാർഗ് കടന്ന് സുപ്രിംകോടതിയില്‍ എത്തിച്ചേരും. കനത്ത സുരക്ഷാവലയത്തിലാണ് രാജ്യതലസ്ഥാനം.ബാരക്കമ്പയില്‍ എത്തുന്ന എംപിമാരെ ബാരിക്കേ‍ഡ് വച്ച്‌ തടയാനാണ് പൊലീസിന്റെ തീരുമാനം. ആയിരക്കണക്കിനു പ്രവർത്തകരാണ് ബാരക്കമ്പയില്‍ തടിച്ചുകൂടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *