ന്യൂഡൽഹി∙ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഓഫിസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികളായ സിബിഐയും ഇ.ഡിയും ബലപ്രയോഗത്തിലൂടെയുള്ള നടപടികളോ അറസ്റ്റോ നടത്തരുതെന്ന് സുപ്രീം കോടതി ഉത്തരവ്. അതേസമയം, കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യാൻ കോടതി തയാറായില്ല. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഇരു കേന്ദ്ര ഏജൻസികൾക്കും അടുത്ത വാദം കേൾക്കുന്നതുവരെ കർശന നിർദേശം നൽകിയത്. ഹൈക്കോടതി ഉത്തരവിനെതിരെ പഞ്ചാബ് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ആശ്വാസം.
മുഖ്യമന്ത്രിയുടെ ഓഫിസിലെ അഴിമതിയെ കുറിച്ച് സിബിഐ അന്വേഷിച്ച് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ഒക്ടോബർ 5 ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കൃത്യമായ തെളിവുകളില്ലാതെയാണ് ഹൈക്കോടതി ഉത്തരവിട്ടതെന്നും ഇതു രാജ്യത്തിന്റെ ഫെഡറൽ വ്യവസ്ഥയ്ക്കു വിരുദ്ധമാണെന്നും പഞ്ചാബ് സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. തുടർന്ന്, അന്വേഷണം തടയില്ലെന്നും എന്നാൽ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു
ഹൈക്കോടതിയിൽ ഹർജി നൽകിയ നിഖിൽ സറഫിന്റെ ജീവനും സ്വത്തിനും പഞ്ചാബ് സർക്കാരിൽനിന്നു ഭീഷണിയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഡി.എസ്. നായിഡു കോടതിയെ അറിയിച്ചു. ഇതിനെത്തുടർന്ന് സറഫിനെതിരെയും അടുത്ത വാദം കേൾക്കുന്നതുവരെ കടുത്ത നടപടികൾ പാടില്ലെന്ന് ബെഞ്ച് നിർദേശിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ സ്പെഷൽ ഡ്യൂട്ടി ഓഫിസറായ രാജ്ബീർ സിങ് ഘുമൻ ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ട അഴിമതിയെക്കുറിച്ച് ഇ.ഡി പഞ്ചാബ് ഡിജിപിക്ക് കത്തയച്ചിരുന്നു. ഇതിൽ സംസ്ഥാന പൊലീസ് നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സ്ഥലംമാറ്റങ്ങൾ, സർക്കാർ തീരുമാനങ്ങൾ, ടെൻഡറുകൾ, ലൈസൻസുകൾ എന്നിവയ്ക്കായി കൈക്കൂലി വാങ്ങുന്ന വലിയൊരു ശൃംഖല ഘുമന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നു എന്നാണ് സിബിഐയുടെ 251 പേജുള്ള എഫ്ഐആറിൽ പറയുന്നത്. ഇതേത്തുടർന്ന് പഞ്ചാബിലെ എട്ട് സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. അടുത്ത വർഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ കേസിനു വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
