സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച്‌ കെപിസിസി

കെപിസിസിക്കെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ച്‌ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്.ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റില്‍ നിരുപാധികം മാപ്പ് പറഞ്ഞുവെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ജാഗ്രത ഉണ്ടാകുമെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചു. ഇനി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് രണ്ട് തലത്തിലുള്ള അനുമതി നിർബന്ധമാക്കിയെന്നും അക്കൗണ്ട് ഉപയോഗിക്കുന്ന അഡ്മിൻ എണ്ണം പരിമിതപ്പെടുത്തിയെന്നും കെപിസിസി അറിയിച്ചു.തുടർനടപടികള്‍ അവസാനിപ്പിക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം. കെപിസിസിക്കായി സുഭാഷ് ചന്ദ്രൻ ആൻഡ് കവിത അസോസിയേറ്റ്സ് ആണ് സത്യവാങ്മൂലം നല്‍കിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ എക്സ് പോസ്റ്റില്‍ കെപിസിസിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. കോടതിയലക്ഷ്യം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ കെപിസിസി പ്രസിഡൻറിനടക്കം കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികള്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു. കോടതിയെ ഇടിച്ചു താഴ്ത്തിയാല്‍ ഇരുമ്പ് മുഷ്‌ടി കൊണ്ട് നേരിടുമെന്നായിരുന്നു സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയത്. ഇതിന് പിന്നാലെ കെപിസിസിയുടെ ഔദ്യോഗിക എക്സ് പേജില്‍ വിവാദ പോസ്റ്റിട്ട വ്യക്തിയെ ചുമതലയില്‍ നിന്ന് നീക്കിയതായി സണ്ണി ജോസഫ് അറിയിച്ചിരുന്നു. കെപിസിസി നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെ ആണ് വിവേകശൂന്യമായി പോസ്റ്റിട്ടതെന്നും കെപിസിസി അറിയിച്ചിരുന്നു.

അതിനിടെ, ജുഡീഷ്യറിക്കെതിരായ പരാമർശത്തിൻ്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാർട്ടികള്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പുതിയ ഹർജി എത്തി. രാഹുല്‍ ഗാന്ധി, കെപിസിസി, മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റി, മഹുവ മൊയ്ത്ര, തെരഞ്ഞെടുപ്പ് കമ്മീഷൻ, കേന്ദ്രസർക്കാർ അടക്കം എട്ടിലധികം പേരെ എതിർകക്ഷിയാക്കി അഭിഭാഷകനായ ഉത്കർഷ് ജയ്സ്വാള്‍ ആണ് ഹർജി സമർപ്പിച്ചത്. ജഡ്ജിമാർക്കെതിരായ രാഷ്ട്രീയ നീക്കങ്ങള്‍ തടയണമെന്നും ജുഡീഷ്യല്‍ ചുമതല പിൻവലിക്കാൻ രാഷ്ട്രീയ സമ്മർദം പാടില്ലെന്നുമാണ് ഹർജിയിലെ ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി ചട്ടം നടപ്പാക്കണമെന്നാണ് ഹർജിയില്‍ ആവശ്യപ്പെടുന്നത്. വിവാദ പോസ്റ്റുകള്‍ നീക്കാൻ ഇടക്കാല നിർദേശം വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *