ഇടുക്കി: ചിന്നക്കനാലിലെ ജനവാസ മേഖലകളിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടാന ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. ആനയെ മറ്റൊരിടത്തേക്ക് മാറ്റുന്ന കാര്യം അത്യന്താപേക്ഷിതമാണെങ്കിൽ മാത്രമേ പരിഗണിക്കുകയുള്ളൂ എന്നും അതിന് കേരള ഹൈക്കോടതിയുടെ അനുമതി തേടേണ്ടതുണ്ടെന്നും മന്ത്രി ഇടുക്കിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു
ചക്ക തേടി ജനവാസ മേഖലകളിലെത്തുകയും വീടുകൾ തകർക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന ചക്കക്കൊമ്പന്റെ ശല്യം രൂക്ഷമായതോടെ ചിന്നക്കനാൽ 301 കോളനിയിൽ അടുത്തിടെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. മുൻപ് അരിക്കൊമ്പനെ പിടികൂടി മാറ്റിയതും ഇതേ മേഖലയിൽ നിന്നാണ്. നിലവിൽ തമിഴ്നാട്ടിലെ അപ്പർ കോതയാർ ഡാമിന് സമീപമുള്ള കളക്കാട് വനമേഖലയിലാണ് അരിക്കൊമ്പനുള്ളത്.പ്രദേശത്ത് കാട്ടാന ആക്രമണങ്ങളിൽ ഇതുവരെ 34 മനുഷ്യജീവനുകൾ നഷ്ടമായതായും സാഹചര്യം അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നതാണെന്നും മന്ത്രി പറഞ്ഞു. ജനസാന്ദ്രതയേറിയ ഈ മേഖലയിൽ ഏകദേശം 17 മുതൽ 18 വരെ കാട്ടാനകൾ വിഹരിക്കുന്നുണ്ട്. ഇതിൽ മൂന്ന് ഏക്കറോളം സ്ഥലം മാത്രമാണ് വനഭൂമിയായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ആനകൾ പരമ്പരാഗതമായി വെള്ളം കുടിക്കാനെത്തുന്ന മേഖലയാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പലവിധ സമ്മർദ്ദങ്ങളെ അതിജീവിച്ചും കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ആനകൾക്ക് സ്വാഭാവിക ആനത്താരകളിലൂടെ സഞ്ചരിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.നിലവിലെ സാഹചര്യത്തിൽ ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിച്ച് നീക്കങ്ങൾ നിരീക്ഷിക്കാനാണ് സർക്കാരിന് അധികാരമുള്ളതെന്ന് മന്ത്രി പറഞ്ഞു. ആനയെ മാറ്റുന്ന കാര്യത്തിൽ ഹൈക്കോടതിയുടെയും കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെയും നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. “നിലവിൽ സർക്കാരിന് മുന്നിലുള്ള സാധാരണ നടപടി ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുക എന്നതാണ്. ആനയുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ കഴിഞ്ഞാൽ കൂടുതൽ അപകടങ്ങൾ ഒഴിവാക്കാനാകും. തൽക്കാലം ആ നടപടിയുമായി മുന്നോട്ട് പോവുകയാണ്,” മന്ത്രി വ്യക്തമാക്കി.മേഖലയിലെ കാട്ടാനകളെ നിരീക്ഷിക്കാൻ സമഗ്രമായ പദ്ധതി സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. ആനകൾ പലപ്പോഴും മതികെട്ടാൻ ചോലയിലേക്ക് നീങ്ങാറുണ്ടെങ്കിലും, അവിടെയുള്ള കുറിഞ്ഞിച്ചെടികൾ അവയുടെ സാധാരണ ഭക്ഷണക്രമത്തിന്റെ ഭാഗമല്ലാത്തതിനാൽ തിരികെ വരികയാണ് പതിവ്. ഒരു മാസത്തിലധികം അവിടെ തങ്ങിയ ചക്കക്കൊമ്പനും അടുത്തിടെ തിരിച്ചെത്തിയതായി മന്ത്രി പറഞ്ഞു. റേഡിയോ കോളർ ഘടിപ്പിക്കുന്നതിനായി കുങ്കിയാനകളുടെ സഹായം തേടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആനയെ നിരീക്ഷിച്ച ശേഷം സ്ഥിതിഗതികൾ വിലയിരുത്തുമെന്നും, മാറ്റുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ ആവശ്യമാണെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.മേഖലയിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്ന രണ്ട് ആനകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവയെ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. കൂടുതൽ മനുഷ്യജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ കർശന നിരീക്ഷണവും ഉദ്യോഗസ്ഥരുടെ വിന്യാസവും ഉറപ്പാക്കും. നിലവിലുള്ള നിയമചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സർക്കാർ നടത്തുന്ന ശ്രമങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. റേഡിയോ കോളർ ഘടിപ്പിക്കുന്നതിനെ ഒരു വിഭാഗം എതിർക്കുമ്പോൾ, ആനയെ പിടികൂടി മാറ്റണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം.അതേസമയം ചക്കക്കൊമ്പൻ ദൗത്യത്തിനെതിരെ ഡീൻ കുര്യാക്കോസ് എംപി രംഗതെത്തി.ആനയെ പിടിച്ചു മാറ്റുകയാണ് വേണ്ടത്. എങ്കിൽ മാത്രമേ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാകൂ.വനമന്ത്രിയും ഇതേ നിലപാട് കാരനാണെന്നും എംപി പറഞ്ഞു. റേഡിയോ കോളർ ഘടിപ്പിക്കുന്നത് നടപടിക്രമത്തിന്റെ ഭാഗമായാണെന്നാണ് കരുതുന്നത് .ശല്യക്കാരായ എല്ലാ ആനകളെയും ജനവാസ മേഖലയിൽ നിന്ന് പിടിച്ചു മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
