മെസ്സി തട്ടിപ്പ് കേസ്: റിപ്പോർട്ടർ ടിവിയുടെ ഹർജി തള്ളി കോടതി; ജിഎസ്ടി അന്വേഷണം ഊർജിതം

കൊച്ചി: മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ജിഎസ്ടി വകുപ്പ് നൽകിയ സമൻസിനെതിരെ റിപ്പോർട്ടർ ടിവി സമർപ്പിച്ച ഹർജി കോടതി തള്ളി. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ആവശ്യമായ രേഖകളുമായി ഹാജരാകാൻ ആർബിസിക്ക് കോടതി നിർദേശം നൽകി. എസ്ഐടി പിടിച്ചെടുത്ത രേഖകൾ തിരികെ ലഭിക്കുന്ന മുറയ്ക്ക് അവയും ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.റിപ്പോർട്ടർ ടിവി, ഗോകുലം ചിറ്റ് ഫണ്ട്സ്, ഹിന്ദുജ ലെയ്‌ലൻഡ് ഫിനാൻസ് എന്നിവയുമായി ബന്ധപ്പെട്ടാണ് ജിഎസ്ടി വകുപ്പ് സമൻസ് അയച്ചത്. തിരുവനന്തപുരത്തെ ജിഎസ്ടി ഇന്റലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് ജോയിന്റ് കമ്മീഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. മെസ്സിയെ കേരളത്തിലെത്തിക്കുന്നതിനായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ നികുതി വെട്ടിപ്പ് നടത്തിയെന്നും അർഹമായ ജിഎസ്ടി അടച്ചില്ലെന്നുമാണ് പ്രധാന ആരോപണം.കരാർ തുകയ്ക്ക് പുറമെ ഗോകുലം ചിറ്റ് ഫണ്ട്സും ഹിന്ദുജ ഫിനാൻസും നൽകിയ വായ്പകളുമായി ബന്ധപ്പെട്ടും ജിഎസ്ടി നടപടികൾ ഉണ്ടായില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ എസ്ഐടി അന്വേഷണം നടത്തിയിരുന്നെങ്കിലും നടപടികൾ മന്ദഗതിയിലായിരുന്നു. എന്നാൽ നിലവിൽ തിരുവനന്തപുരം ജിഎസ്ടി ഇന്റലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ കൊല്ലം ഇന്റലിജൻസ് യൂണിറ്റ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.അതേസമയം, കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേർക്കുന്നതിനുള്ള നടപടികൾ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ലഭിക്കുന്നതോടെ എസ്ഐടി ആരംഭിക്കും. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായാണ് അബ്ദുറഹിമാനെതിരെ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *