പാക്കേജ്ഡ് ഫുഡില്‍ പഞ്ചസാര, ഉപ്പ്,പൂരിത കൊഴുപ്പ്,സോഡിയം തുടങ്ങിയവ ഉയർന്ന തോതില്‍ ഉണ്ടെങ്കില്‍ അതിന്റെ മുന്നറിയിപ്പ് പാക്കറ്റിന്റെ മുൻവശത്തു തന്നെ രേഖപ്പെടുത്താൻ കളമൊരുങ്ങുന്നു.സുപ്രീംകോടതിയുടെ ശകാരമാണ് ഫലം കാണുന്നത്. നിലവില്‍ പാക്കറ്റിന്റെ പുറത്തുവശത്ത് ഉപയോഗിച്ചിരിക്കുന്നതിനേക്കാള്‍ വലിയ അക്ഷരത്തില്‍ മുൻവശത്ത് രേഖപ്പെടുത്തും. ചുവപ്പ് നിറത്തില്‍ ഷഡ്ഭുജാകൃതിയിലായിരിക്കും (ഹെക്സഗണ്‍ ഷെയ്പ്) മുന്നറിയിപ്പ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിട്ടി ഒഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ഇക്കാര്യം വ്യക്തമാക്കി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഇക്കഴിഞ്ഞ ആഗസ്റ്റ് 14ന് കേന്ദ്രസർക്കാരിനെയും എഫ്.എസ്.എസ്.എ.ഐയെയും രൂക്ഷമായി വിമർശിച്ചിരുന്നു. പൊതുജനാരോഗ്യത്തില്‍ വിട്ടുവീഴ്ച അനുവദിക്കാൻ കഴിയില്ലെന്നും നിലപാടെടുത്തു. കുട്ടികള്‍ അടക്കം പാക്കറ്ര് ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ പാക്കറ്റുകളുടെ മുൻഭാഗത്ത് കൃത്യമായ വിവരങ്ങള്‍ ലഭ്യമാകണം. കോർപറേറ്റുകളുടെ സമ്മർദ്ദത്തിന് കീഴ്പ്പെടുകയാണോയെന്നും ചോദിച്ചു. അന്ത്യശാസനമാണിതെന്നും, നടപടിയുണ്ടായില്ലെങ്കില്‍ നേരിട്ട് വിധി പുറപ്പെടുവിക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്. തിങ്കളാഴ്ച വിഷയം പരിഗണിക്കാനിരിക്കെയാണ് ഭക്ഷ്യസുരക്ഷാ അതോറിട്ടി സത്യവാങ്മൂലം സമർപ്പിച്ചത്.
സുപ്രീംകോടതിയുടെ ശകാരം ഫലം കണ്ടു: പാക്കറ്റ് ഭക്ഷ്യവസ്തുക്കളില്‍ മുൻവശത്തുണ്ടാകും ഇനി മുന്നറിയിപ്പ്
