തത്തകൾ ‘വന്യജീവികൾ’; കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്

നാഗ്‌പൂർ: തത്തകൾ വന്യജീവി സംരക്ഷണ നിയമപ്രകാരം “വന്യമൃഗങ്ങൾ” ആണെന്ന് ബോംബെ ഹൈക്കോടതി. വന്യജീവികൾ മൂലമുണ്ടാകുന്ന നഷ്ടത്തിന് പൗരന്മാർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഊർമ്മിള ജോഷി-ഫാൽക്കെ, നിവേദിത മേത്ത എന്നിവരടങ്ങുന്ന നാഗ്‌പൂർ ബെഞ്ചിന്റേതാണ് വിധി.വാർധ ജില്ലയിലെ ഹിംഗി ഗ്രാമത്തിലുള്ള 70 വയസുകാരനായ മഹാദേവ് ദേക്കേറ്റ് സമർപ്പിച്ച ഹർജിയിലാണ് വിധി പ്രസ്താവിച്ചത്. 2016 മേയിൽ സമീപത്തെ വന്യജീവി സങ്കേതത്തിൽ നിന്നുള്ള തത്തകൾ തന്റെ 200 മാതളനാരങ്ങ മരങ്ങൾ നശിപ്പിച്ചതായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. നശിച്ച ഓരോ മരത്തിനും 200 രൂപ വീതം നഷ്ടപരിഹാരം നൽകാനാണ് കോടതിയുടെ നിർദ്ദേശം.വന്യജീവി നിയമപ്രകാരം തത്തകൾ സംരക്ഷിത വിഭാഗത്തിൽപ്പെട്ടവയാണെന്നും കോടതി വ്യക്തമാക്കി. സംരക്ഷിത വിഭാഗത്തിൽപ്പെട്ട ജീവികൾ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് കർഷകർക്ക് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ, അവർ വന്യജീവികളെ ഉപദ്രവിക്കുന്ന നടപടികളിലേക്ക് നീങ്ങിയേക്കാം. ഇത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലക്ഷ്യത്തെത്തന്നെ തകർക്കുമെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം ആനയും കാട്ടുപോത്തും കൃഷി നശിപ്പിച്ചാല്‍ മാത്രമേ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഈ വാദം കോടതി തള്ളിക്കളഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *