ബംഗളൂരു: ലിവ്-ഇന്‍ ബന്ധത്തിലായിരുന്ന പങ്കാളികള്‍ പരസ്പരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഐടി നിയമപ്രകാരം കുറ്റകരമാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഐടി നിയമത്തിലെ 65, 66 വകുപ്പുകള്‍ പ്രകാരം കുറ്റം നിലനില്ക്കണമെങ്കില് സത്യസന്ധമല്ലാത്തതോ വഞ്ചനാപരമോ ആയ ഉദ്ദേശ്യം ഉണ്ടായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു. ബന്ധം തകര്‍ന്നതിനു പിന്നാലെ പരസ്പരം നല്കിയ പരാതികളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് ക്രിമിനല്‍ നടപടികളും ജസ്റ്റിസ് എച്ച്പി സന്ദേശ് റദ്ദാക്കി.
കംപ്യൂട്ടര്‍ രേഖകളില്‍ കൃത്രിമം കാണിക്കല്‍, അനധികൃതമായി ഇലക്ട്രോണിക് വിവരങ്ങള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ടതാണ് ഐടി നിയമത്തിലെ 65, 66 വകുപ്പുകള്‍. ഒരുമിച്ച് താമസിച്ചിരുന്ന കാലത്ത് ഇരുവരും പരസ്പരം മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഫോണ്‍ ഉപയോഗിച്ചു എന്നതിന്റെ പേരില്‍ മാത്രം ക്രിമിനല്‍ നടപടി ആരംഭിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.പുരുഷ പങ്കാളി നല്കിയ പരാതിയിലായിരുന്നു സ്ത്രീക്കെതിരെ ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. തന്റെ മൊബൈല്‍ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ അനധികൃതമായി പരിശോധിക്കുകയും ഉപയോഗിക്കുകയും ചില വിവരങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തെന്നാണ് ഇയാളുടെ ആരോപണം. എന്നാല്‍ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന സമയത്ത് ബിസിനസ് ബന്ധങ്ങളെയും കുടുംബസുഹൃത്തുക്കളെയും കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും പരസ്പരം ഫോണുകള്‍ ഉപയോഗിച്ചിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.ബന്ധം വഷളായതിനു പിന്നാലെ പ്രതികാരം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയാണ് പരാതി നല്‍കിയതെന്നും നിരീക്ഷിച്ചാണ് കേസ് റദ്ദാക്കിയത്. ബലാത്സംഗം, വീട്ടില്‍ അതിക്രമിച്ചുകയറല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പുരുഷ പങ്കാളിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറും കോടതി റദ്ദാക്കി. ബന്ധത്തിലായിരുന്ന ഇരുവരും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരായിരുന്നുവെന്നും ബന്ധം അവസാനിച്ചതിന്റെ പേരില്‍ മാത്രം ക്രിമിനല്‍ നടപടികള്‍ തുടരാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.2017ലാണ് കേസിലുള്‍പ്പെട്ട രണ്ടാളും പരിചയപ്പെടുന്നത്. പിന്നീട് ബന്ധത്തിലായ ഇവര്‍ വാടകവീട്ടില്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. 2018 ഫെബ്രുവരിയില്‍ വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാല്‍ 2018 അവസാനത്തോടെ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാവുകയും ഇരുവരും പരസ്പരം പരാതികള്‍ നല്‍കുകയും ചെയ്തു. പുരുഷ പങ്കാളി നല്കിയ പരാതിയില്‍ സ്ത്രീക്കെതിരെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ അനധികൃതമായി ഉപയോഗിച്ചെന്നും ഡേറ്റ നീക്കം ചെയ്തെന്നും ആരോപിച്ചിരുന്നു. സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് മറ്റുള്ളവര്‍ക്ക് കൈമാറിയെന്നും പരാതിയില്‍ പറയുന്നു.അതേസമയം, പുരുഷ പങ്കാളിക്കെതിരെ ബലാത്സംഗം, ആക്രമണം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളുമായി സ്ത്രീയും പരാതി നല്കി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടും ഇരുവിഭാഗവും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു. 17.77 ലക്ഷം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയെന്നും ഇതില്‍ 2.80 ലക്ഷം രൂപ തിരികെ ലഭിച്ചെന്നും ബാക്കി 14.97 ലക്ഷം രൂപ തട്ടിയെടുത്തെന്നുമായിരുന്നു ആരോപണം. എന്നാല്‍ ഈ സാമ്പത്തിക ഇടപാടുകള്‍ ബന്ധത്തിലായിരുന്ന കാലത്ത് നടന്നതാണെന്നും വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു സ്ത്രീയുടെ വാദം. മൂന്ന് കേസുകളും കോടതി റദ്ദാക്കി
