ന്യൂഡൽഹി: “കുട്ടികൾ കേവലം ജംഗമവസ്തുക്കളോ മാതാപിതാക്കളുടെ കളിപ്പാട്ടങ്ങളോ അല്ല” — കുട്ടികളുടെ സംരക്ഷണ തർക്കങ്ങളിൽ മാതാപിതാക്കളുടെ നിയമപരമായ അവകാശത്തേക്കാൾ പ്രാധാന്യം കുട്ടിയുടെ ക്ഷേമത്തിനായിരിക്കണമെന്ന് സുപ്രീം കോടതി. പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളുടെ സംരക്ഷണാവകാശം പിതാവിന് നൽകിയ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് പരമോന്നത കോടതിയുടെ സുപ്രധാന നിരീക്ഷണം.
പിതാവിനാണ് കുട്ടികളുടെ സംരക്ഷണാവകാശം ലഭിക്കേണ്ടതെന്ന നിയമം എല്ലായ്പ്പോഴും അപവാദങ്ങൾക്ക് വിധേയമാണെന്നും അത് സാർവ്വത്രികമായി ബാധകമല്ലെന്നും ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപരേഷ് കുമാർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സംരക്ഷണാവകാശം നൽകുന്നതിന് പിതാവ് യോഗ്യനാണെങ്കിലും, ഇത്തരം കേസുകളിൽ പ്രധാന മാനദണ്ഡം കുട്ടികളുടെ ക്ഷേമമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനനം മുതൽ അമ്മയ്ക്കൊപ്പം താമസിക്കുന്ന കുട്ടികളെ അമ്മയോടൊപ്പം തന്നെ തുടരാൻ അനുവദിക്കുകയാണ് വേണ്ടതെന്നും ബെഞ്ച് നിരീക്ഷിച്ചു.
