‘കാന്താര’യിലെ ദൈവക്കോലത്തെ അനുകരിച്ച കേസ്; കോടതി നിര്‍ദേശപ്രകാരം ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ എത്തി രണ്‍വീര്‍ സിങ്

‘കാന്താര’ സിനിമയിലെ ദൈവക്കോലത്തെ അനുകരിച്ചതുമായി ബന്ധപ്പെട്ട കേസില്‍, ബോളിവുഡ് താരം രണ്‍വീർ സിങ് മൈസൂരുവിലെ പ്രശസ്തമായ ചാമുണ്ഡേശ്വരീ ക്ഷേത്രത്തില്‍ ദർശനം നടത്തി.ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു ചൊവ്വാഴ്ച രാവിലെ ഏഴരയോടെ താരം ചാമുണ്ഡി മലയിലെത്തിയത്.സംഭവത്തില്‍ താരം നിരുപാധികം മാപ്പുപറയുകയും ക്ഷേത്രദർശനം നടത്തി പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതിനെത്തുടർന്ന് അദ്ദേഹത്തിനെതിരെയുള്ള കേസ് കഴിഞ്ഞ മാസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ ക്ഷേത്ര സന്ദർശനം നടത്തണമെന്ന കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഈ സന്ദർശനം.കഴിഞ്ഞ നവംബറില്‍ ഗോവയില്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങില്‍ കാന്താരയിലെ നായകനടൻ ഋഷഭ് ഷെട്ടിയുടെ സാന്നിധ്യത്തിലായിരുന്നു രണ്‍വീർസിങ് വിവാദമായ അനുകരണം നടത്തിയത്. ബെംഗളൂരുവിലെ അഭിഭാഷകനായ പ്രശാന്ത് മെത്തല്‍ നല്‍കിയ പരാതിയില്‍ ബെംഗളൂരു പോലീസാണ് രണ്‍വീർസിങ്ങിന്റെ പേരില്‍ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കേസ്. ചാമുണ്ഡിദേവിയെ അധിക്ഷേപിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു.കേസ് തള്ളണമെന്നാവശ്യപ്പെട്ട് രണ്‍വീർസിങ് ഹൈക്കോടതിയെ സമീപിക്കുകയും മാപ്പുചേദിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയുമായിരുന്നു. ക്ഷമാപണം നടത്തിയതിന്റെ സത്യവാങ്മൂലം രണ്‍വീർസിങ്ങിന്റെ അഭിഭാഷകൻ കോടതിയില്‍ ഹാജരാക്കിയതിനെത്തുടർന്നാണ് കേസ് തള്ളിയത്. നാലാഴ്ചയ്ക്കുള്ളില്‍ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്ന് നിർദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *