13 പേരെ കൊലപ്പെടുത്തിയ മുൻ യുഎസ് സൈനിക ഉദ്യോഗസ്ഥൻ നിദാല്‍ ഹസന്റെ വധശിക്ഷ ഇന്റർനെറ്റിലൂടെ തത്സമയം സംപ്രേഷണം ചെയ്യാൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്.ഭാവിയില്‍ സമാനമായ ആക്രമണങ്ങള്‍ തടയുന്നതിനുള്ള മുന്നറിയിപ്പായി വധശിക്ഷയുടെ ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യണമെന്ന് പ്രതിരോധ വകുപ്പ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു. രാഷ്ട്രീയ രംഗത്ത് നിന്നും മനുഷ്യാവകാശ പ്രവർത്തകരില്‍ നിന്നും ഈ നടപടിക്കെതിരെ വിമർശനങ്ങള്‍ ഉയർന്നിട്ടുണ്ട്.ഡിസംബർ 3-ന് ഹസനെ വെടിവെച്ചുകൊല്ലാനാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകള്‍. വധശിക്ഷ ഓണ്‍ലൈനിലൂടെ സംപ്രേഷണം ചെയ്യാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയെങ്കിലും അന്തിമ തീരുമാനമെടുക്കേണ്ടതുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വധശിക്ഷയുടെ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദർശിപ്പിക്കുന്നതിന്റെ നിയമസാധുതയും ധാർമികതയും സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയർന്നിട്ടുണ്ട്.
ആരാണ് നിദാല്‍ ഹസൻ?
മുൻ യുഎസ് സൈനിക മേജറും മനോരോഗ വിദഗ്ധനുമായ നിദാല്‍ ഹസൻ 2009 നവംബർ 5-ന് ടെക്സസിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തില്‍ വെടിവയ്പ്പ് നടത്തിയിരുന്നു. ആക്രമണത്തില്‍ നിരായുധരായ 13 സൈനികർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്കൻ സൈനിക താവളത്തില്‍ യുദ്ധേതര സാഹചര്യത്തില്‍ നടന്ന ഏറ്റവും വലിയ ആക്രമണമായാണ് ഫോർട്ട് ഹുഡ് വെടിവെപ്പ് അറിയപ്പെടുന്നത്.
