ഷാറൂഖ് ഖാനും അജയ് ദേവ്ഗണിനും ടൈഗര്‍ ഷ്രോഫിനും ലഭിച്ച എഫ്ഡിഎ നോട്ടീസില്‍ ‘വിമല്‍ ഇലായ്ച്ചി’യുടെ അപ്പീല്‍ തള്ളി കോടതി

പരസ്യത്തില്‍ അഭിനയിച്ച വിമല്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ ബോളിവുഡ് താരങ്ങള്‍ക്ക് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) നോട്ടീസ് നല്‍കിയതിനെതിരെ ‘വിമല്‍ ഇലായ്ച്ചി’ മൗത്ത് ഫ്രഷ്നര്‍ നിര്‍മാതാക്കള്‍ നല്‍കിയ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി.നിര്‍മാതാക്കളായ പിബി അഗ്രോയുടെ ഹരജിയാണ് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ തള്ളിയത്. ഷാറൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് മഹാരാഷ്ട്ര എഫ്ഡിഎ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് തള്ളണമെന്നായിരുന്നു നിര്‍മാതാക്കളുടെ ആവശ്യം.ആഗസ്റ്റ് ഒന്നിനാണ് താരങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചത്. വിമല്‍ ബ്രാന്‍ഡിന് കീഴിലുള്ള മൗത്ത് ഫ്രഷ്നറായ ‘വിമല്‍ ഇലായ്ച്ചി’യുടെ പരസ്യം തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദത്തോടെയുള്ളതാണെന്നും നിരോധിത പാന്‍ മസാലയുടെ പരോക്ഷ പ്രചാരണമാണെന്നുമാണ് മഹാരാഷ്ട്ര എഫ്ഡിഎയുടെ ആരോപണം. അതായത്, പരസ്യം മൗത്ത് ഫ്രഷ്നറിന്റേത് ആണെങ്കിലും പ്രചാരം ലഭിക്കുന്നത് പാന്‍ മസാലക്കാണ്. ‘വിമല്‍ ഇലായ്ച്ചി’ നിരോധിത പാന്‍ മസാലയില്‍നിന്ന് വ്യത്യസ്തമായ ഉല്‍പ്പന്നമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനാണ് പരസ്യത്തില്‍ അഭിനയിച്ച താരങ്ങളോട് ആവശ്യപ്പെട്ടത്. പരസ്യ പ്രചാരണം നിര്‍ത്തിവയ്ക്കാനും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍നിന്ന് അനുബന്ധ പ്രചാരണ സാമഗ്രികള്‍ പിന്‍വലിക്കാനും എഫ്ഡിഎ നിര്‍ദേശിച്ചിരുന്നു.പിന്നാലെയാണ് ‘വിമല്‍ ഇലായ്ച്ചി’ വിപണിയിലിറക്കുന്ന പിബി അഗ്രോ ലിമിറ്റഡ് ഇതിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസ് താരങ്ങള്‍ക്ക് മാത്രമാണ് നല്‍കിയതെന്നും കമ്പനിക്ക് നേരിട്ട് നോട്ടീസ് നല്‍കിയിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. നടപടിയുടെ ഭാഗമായി കമ്പനിക്കുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പരിഗണിക്കുമ്പോള്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കേണ്ടിയിരുന്നുവെന്നും കമ്പനി വാദിച്ചു. മഹാരാഷ്ട്ര എഫ്ഡിഎയ്ക്ക് പരസ്യം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കാനുള്ള അധികാരമില്ലെന്നും ഹരജിയില്‍ പറയുന്നു. എന്നാല്‍ ഈ വാദങ്ങള്‍ ഹൈക്കോടതി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *