കസ്റ്റംസ് ഉദ്യോഗസ്ഥ റാണിമോള്‍ക്ക് 11 വര്‍ഷം കഠിനതടവ്, കൂട്ടുപ്രതി സബീറിന് ഏഴ് വര്‍ഷം; വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ ശിക്ഷ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ രണ്ട്‌ പ്രതികള്‍ക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.കസ്റ്റംസ് ഹവില്‍ദാർ തിരുമല അണ്ണൂർ ബിന്ദുവിലാസത്തില്‍ ജി. റാണിമോള്‍, പൂന്തുറ പരുത്തിക്കുഴി ത്രിവേണി നഗർ 57ല്‍ സബീർ അബ്ദുല്‍ കരീം എന്നിവരെയാണ് സിബിഐ പ്രത്യേക കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി റാണിമോള്‍ക്ക് 11 വർഷം കഠിന തടവും 1.4 ലക്ഷം രൂപ പിഴയുമാണ്‌ ശിക്ഷ. രണ്ടാം പ്രതി സബീർ അബ്ദുല്‍ കരീമിന് ഏഴ് വർഷം കഠിനതടവും 90,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2018 മാർച്ച്‌ 10നായിരുന്നു സംഭവം.രാവിലെ 8.45ന് ദുബായില്‍ നിന്ന് വന്ന എമിറേറ്റ്‌സ് വിമാനത്തില്‍ തിരുവനന്തപുരത്ത് വന്നതായിരുന്നു സബീർ. കസ്റ്റംസ് പരിശോധനയ്ക്ക് വിധേയനാകുന്നതിനു മുൻപ് ഒരു കിലോ സ്വർണം ഇയാള്‍ റാണിമോളെ ഏല്‍പിച്ചു. അവർ ഇത് പുറത്തെത്തിച്ച്‌ സബീറിന് കൈമാറി. ഇതിനിടെ കസ്റ്റംസ്‌ സൂപ്രണ്ട്‌ ഇരുവരെയും പിടികൂടി. എന്നാല്‍ സബീറിനെ മാത്രം പ്രതിയാക്കിയാണ് കേസെടുത്തത്. പിന്നീട് സിബിഐക്ക് വിവരം ലഭിച്ചതോടെ വിശദമായ അന്വേഷണം നടന്നു. കസ്റ്റംസ് സൂപ്രണ്ടിനെയടക്കം പ്രതിചേർക്കുമെന്നായതോടെ നടന്ന സംഭവങ്ങള്‍ പറഞ്ഞ് അദ്ദേഹം മാപ്പുസാക്ഷിയായി. ശാസ്‌ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും മാപ്പുസാക്ഷിയുടെ മൊഴിയും പരിഗണിച്ചാണ്‌ പ്രതികളായ ഇരുവരേയും ശിക്ഷിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *