പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ മൂന്നര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ 65-കാരനായ ഭീംറാവു കാംബ്ലെയ്ക്ക് പ്രത്യേക കോടതി തിങ്കളാഴ്ച വധശിക്ഷ വിധിച്ചു.രാജ്യം നടുങ്ങിയ ഈ ദാരുണ സംഭവം നടന്ന് വെറും 60 ദിവസങ്ങള്‍ക്കുള്ളിലാണ് കോടതി വിധി പ്രസ്താവിച്ചത് എന്ന പ്രത്യേകതയുമുണ്ട്. പ്രതി ചെയ്ത കുറ്റത്തിന്റെ ക്രൂരതയും ഭീകരതയും എടുത്തുപറഞ്ഞാണ് കോടതി മാതൃകാപരമായ ശിക്ഷ പ്രഖ്യാപിച്ചത്.വിധി കേട്ടയുടന്‍ കോടതി മുറിയിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ഇവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ മെയ് മാസത്തിലാണ് പൂനെ ഗ്രാമീണ മേഖലയെ പിടിച്ചുകുലുക്കിയ ഈ സംഭവം നടന്നത്. പ്രതിയുടെ ക്രൂരമായ പീഡനത്തിനിടയിലാണ് മൂന്നര വയസ്സുകാരി മരണപ്പെട്ടതെന്നും, കുട്ടി മരിച്ചതിന് ശേഷവും പ്രതി മൃതദേഹത്തോട് ക്രൂരമായ അതിക്രമം തുടര്‍ന്നതായും പൂനെ റൂറല്‍ പോലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗില്‍ വ്യക്തമാക്കി.സംഭവം നടന്ന് 15 ദിവസത്തിനകം തന്നെ പോലീസ് കോടതിയില്‍ 1,200 പേജുള്ള കൃത്യമായ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.കൃത്യമായ തെളിവുകളോടെ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതാണ് വിധി വേഗത്തിലാക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസിന്റെ ഓരോ ഘട്ടത്തിലും പിന്തുണ നല്കിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും ഡിജിപി സദാനന്ദ് ദാത്തെക്കും അദ്ദേഹം നന്ദി അറിയിച്ചു.പ്രതിക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും സംശയങ്ങള്‍ക്കിടയില്ലാത്തവിധം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചതായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അജയ് മിസ്രാര് പറഞ്ഞു.ഇത്തരം അതിക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ നല്‍കേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്ന സുപ്രീം കോടതിയുടെ 12 സുപ്രധാന മുന്‍വിധികളാണ് പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാണിച്ചത്.ഇത് പൂര്‍ണ്ണമായി അംഗീകരിച്ചുകൊണ്ടാണ് കോടതി പ്രതിക്ക് തൂക്കുകയര്‍ വിധിച്ചത്. കേസില്‍ ജൂണ്‍ 25-ന് തന്നെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ശിക്ഷാവിധി പ്രഖ്യാപിക്കാനായി ഇന്നത്തേക്ക് മാറ്റിവെച്ചത്.
പൂനെയില്‍ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: 65-കാരന് വധശിക്ഷ വിധിച്ച് പ്രത്യേക കോടതി
