കൊലക്കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഏഴ് വർഷത്തിലധികം അനധികൃതമായി ജയിലില്‍ കഴിയേണ്ടിവന്ന ഛത്തീസ്ഗഡ് സ്വദേശിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ സുപ്രീം കോടതി ഉത്തരവിട്ടു.ജസ്റ്റിസുമാരായ അഗസ്റ്റിൻ ജോർജ് മസിഹ്, സഞ്ജീവ് സച്ച്‌ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് നവംബർ 16-ന് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. നേരത്തെ ഛത്തീസ്ഗഡ് ഹൈക്കോടതി അനുവദിച്ച 2 ലക്ഷം രൂപയുടെ നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരന്‍ ദേവിലാല്‍ ഗോണ്ടി സമർപ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് തുക 30 ലക്ഷമായി ഉയർത്താനും നാലാഴ്ചയ്ക്കകം തുക കൈമാറാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കാനും സുപ്രീം കോടതി തീരുമാനിച്ചത്.2012 ഡിസംബർ 7 ന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരം കൊലപാതകക്കേസില്‍ അറസ്റ്റിലായ ദേവിലാല്‍ ഗോണ്ടിനെ 2013 ഓഗസ്റ്റ് 14-ന് രാജ്നന്ദ്ഗാവ് സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ 2018 ജനുവരി 20 ന് ഛത്തീസ്ഗഡ് ഹൈക്കോടതി ശിക്ഷ റദ്ദാക്കി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. സംസ്ഥാന സർക്കാർ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കാത്തതിനാല്‍ വിധി അന്തിമമായിരുന്നെങ്കിലും, ദേവിലാല്‍ ജയിലില്‍ നിന്ന് മോചിതനായില്ല.ശിക്ഷ മരവിപ്പിച്ച് ദേവിലാല്‍ നേരത്തെ തന്നെ ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ടെന്ന തെറ്റിദ്ധാരണയിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്നും അദ്ദേഹത്തിന്റെ ജാമ്യബോണ്ടുകള്‍ ആറുമാസത്തേക്ക് കൂടി തുടരാൻ നിർദ്ദേശിക്കുകയായിരുന്നുവെന്നും സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കുന്നു. അദ്ദേഹം ജയിലില്‍ തുടരുന്ന വിവരം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നില്ല. അതേസമയം, അപ്പീലിന്റെ വിധി സംബന്ധിച്ച് ദുർഗ് സെൻട്രല്‍ ജയില്‍ സൂപ്രണ്ട് 2018 ഏപ്രില്‍ 3 നും ജൂണ്‍ 18 നും ലീഗല്‍ എയ്ഡ് പാനല്‍ അഭിഭാഷകന് കത്തുകള്‍ അയച്ചിരുന്നെങ്കിലും കുറ്റവിമുക്തനാക്കിയ വിവരം ജയില്‍ അധികൃതർക്ക് ലഭിച്ചില്ലെന്ന് സർക്കാർ സത്യവാങ്മൂലത്തില്‍ അറിയിച്ചു. ഒടുവില്‍ 2025 മെയ് 15 ന് ജയില്‍ രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് ഈ ഗുരുതരമായ വീഴ്ച കണ്ടെത്തിയത്. തുടർന്ന് 2025 മെയ് 19 നാണ് ദേവിലാല്‍ ജയില്‍ മോചിതനായത്.2018 ല്‍ കുറ്റവിമുക്തനാക്കപ്പെടുമ്പോള്‍ ഏകദേശം 28 വയസ്സുണ്ടായിരുന്ന ദേവിലാല്‍ പുറത്തിറങ്ങുമ്പോഴേക്കും 35 വയസ്സായിരുന്നു. അധികൃതരുടെ വീഴ്ച കാരണം അദ്ദേഹത്തിന് തന്റെ യൗവനത്തിലെ ഏറ്റവും നിർണ്ണായകമായ ഏഴ് വർഷങ്ങളാണ് നഷ്ടമായതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സ്വാതന്ത്ര്യം മാത്രമല്ല, ഉപജീവനമാർഗ്ഗം കണ്ടെത്താനും വിദ്യാഭ്യാസം നേടാനും കഴിവുകള്‍ വികസിപ്പിക്കാനുമുള്ള അവസരങ്ങളാണ് നഷ്ടമായതെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നുണ്ടായ തടവ് ഭരണഘടനയുടെ ആർട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് നേരത്തെ തന്നെ ഹൈക്കോടതിയും വിലയിരുത്തിയിരുന്നു.സാമ്പത്തികവും അല്ലാതെയുമുള്ള നഷ്ടങ്ങള്‍ കണക്കിലെടുത്ത് അനുവദിച്ച 30 ലക്ഷം രൂപയില്‍ 5 ലക്ഷം രൂപ ദേവിലാലിന്റെ സേവിംഗ്സ് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറാനും ബാക്കി 25 ലക്ഷം രൂപ അദ്ദേഹത്തിന്റെ പേരില്‍ സ്ഥിരനിക്ഷേപമായി ഇടാനും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇതില്‍ നിന്നുള്ള പ്രതിമാസ പലിശ അക്കൗണ്ടില്‍ എത്തും. അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കോ ദീർഘകാല വരുമാനമാർഗ്ഗം ഉണ്ടാക്കാനോ അല്ലാതെ ജില്ലാ ലീഗല്‍ സർവീസസ് അതോറിറ്റിയുടെ അനുമതിയില്ലാതെ ഈ നിക്ഷേപം പിൻവലിക്കാനോ വായ്പ എടുക്കാനോ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
കുറ്റവിമുക്തനായ് ഉത്തരവിറങ്ങിയിട്ടും യുവാവ് ജയിലില്‍ കഴിഞ്ഞത് ഏഴ് വര്‍ഷം; സുപ്രീം കോടതി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ടു
