കേന്ദ്രമന്ത്രി ബന്ദി സഞ്ജയ് കുമാറിന്റെ മകൻ ഭഗീരഥിനെതിരെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ പോക്സോ നിയമപ്രകാരം കേസെടുത്തു.എന്നാല്‍ ആരോപണങ്ങള്‍ ഭഗീരഥ് നിഷേധിച്ചു. മാത്രമല്ല പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പൊ ലീസില്‍ പരാതി നല്കി. മകളുമായി പ്രണയത്തിലായിരുന്ന ഭഗീരഥ് അവളെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതി. ഏഴെട്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഇവർ തമ്മിലുള്ള ബന്ധം ആരംഭിച്ചത്. വിദ്യാർത്ഥിയായ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഭഗീരഥ് കരിംനഗർ പൊലീസില്‍ പരാതി നല്കി. പരിചയപ്പെട്ടതിന് ശേഷം പെണ്‍കുട്ടി തന്നെ കുടുംബ ചടങ്ങുകളിലേക്കും സുഹൃത്തുക്കളുടെ കൂട്ടായ്മകളിലേക്കും ക്ഷണിച്ചിരുന്നതായി ഭഗീരഥ് പറയുന്നു. ഈ പരാതിയിന്മേലും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബം വിശ്വസ്തരാണെന്ന് കരുതി സുഹൃത്തുക്കള്‍ക്കൊപ്പം അവരുടെ കൂടെ തീർത്ഥാടന കേന്ദ്രങ്ങള്‍ സന്ദർശിച്ചിരുന്നുവെന്നാണ് ഭഗീരഥിന്റെ പരാതിയില്‍ പറയുന്നത്. പിന്നീട് പെണ്‍കുട്ടിയും മാതാപിതാക്കളും തന്നെ വിവാഹം കഴിക്കാൻ നിർബന്ധിച്ച് ഭീഷണിപ്പെടുത്തി. ഈ ആവശ്യം നിരസിച്ചതോടെ പണം നല്‍കിയില്ലെങ്കില്‍ കള്ളക്കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്താൻ തുടങ്ങി. ഭയം കാരണം പെണ്‍കുട്ടിയുടെ പിതാവിന് 50,000 രൂപ നല്കി. എന്നാല്‍ അവർ പിന്നീട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് തന്നെ സമ്മർദ്ദത്തിലാക്കിയെന്നും പരാതിയില്‍ പറയുന്നു. പരസ്പര വിരുദ്ധമായ പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കേന്ദ്രമന്ത്രിയുടെ മകനെതിരെ പോക്സോ കേസ്
