മുംബൈ∙ കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ എൻസിപി മുൻ എംപി പദ്മസിങ് പാട്ടീലുൾപ്പെടെ എല്ലാ പ്രതികളെയും വെറുതെവിട്ട് കോടതി. മുംബൈയിലെ പ്രത്യേക കോടതിയാണ് 20 വർഷത്തിനുശേഷം കേസിൽ വിധി പറഞ്ഞത്. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സ്പെഷൽ കോടതി ജഡ്ജി സത്യനാരായൺ നവാൻദറുടെ വിധി.2006 ജൂൺ മൂന്നിനാണ് നിംബാൽക്കറും ഡ്രൈവർ സമദ് കാസിയും വെടിയേറ്റു കൊല്ലപ്പെട്ടത്. മുംബൈയിൽനിന്ന് ഒസ്മാനാബാദിലേക്ക് വരുംവഴി രണ്ടു വാടകക്കൊലയാളികൾ കാർ തടഞ്ഞുനിർത്തി ഇരുവരെയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. മഹാരാഷ്ട്ര ഉപപ്രധാനമന്ത്രി സുനേത്ര പവാറിന്റെ അർധ സഹോദരനും മുൻ ആഭ്യന്തര മന്ത്രിയുമായ പദ്മസിങ് പാട്ടീലിനെക്കൂടാതെ വ്യവസായി സതീഷ് മൻഡാഡെ, ബിജെപി മുൻ കോർപറേറ്ററും റിട്ട. എക്സൈസ് ഇൻസ്പെക്ടറുമായ മോഹൻ ശുക്ല, പരസ്മൽ ജെയിൻ, മുൻ എക്സൈസ് ഇൻസ്പെക്ടർ ശശികാന്ത് കുൽക്കർണി, ബിഎസ്പി പ്രവർത്തകൻ കൈലാസ് യാദവ്, വെടിയുതിർത്തെന്ന് ആരോപിക്കപ്പെടുന്ന ദിനേഷ് തിവാരി, പിന്റു സിങ്, ചോട്ടെ പാണ്ഡെ എന്നിവരായിരുന്നു കേസിലെ പ്രതികൾ.നവി മുംബൈ പൊലീസിൽനിന്ന് 2009ൽ കേസേറ്റെടുത്ത സിബിഐ പദ്മസിങ് പാട്ടീലിനെ മുഖ്യപ്രതിയും കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ ആളുമെന്നു ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം സമർപ്പിച്ചത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നും കുറ്റപത്രത്തിൽ പറയുന്നു. ഒസ്മാനാബാദിൽ നിംബാൽക്കറുടെ ജനപ്രീതി വർധിക്കുന്നത് തന്റെ രാഷ്ട്രീയഭാവിക്ക് തടസമാകുമെന്നു കരുതിയാണ് പദ്മസിങ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. നിംബാൽക്കറെ കൊലപ്പെടുത്താനായി 30 ലക്ഷം രൂപയുടെ ക്വട്ടേഷൻ മോഹൻ ശുക്ല മുഖാന്തിരം പരസ്മൽ ജെയിനിന് നൽകുകയായിരുന്നു. ജെയിൻ പിന്നീട് കേസിൽ മാപ്പുസാക്ഷിയായി മാറി. 2009ൽ പദ്മസിങ് അറസ്റ്റിലായി.
നിംബാൽക്കർ കൊലപാതകത്തിൽ എല്ലാ പ്രതികളെയും വെറുതെവിട്ട് കോടതി
