മുത്തങ്ങ വധശ്രമ കേസ്; ഗീതാനന്ദൻ അടക്കമുള്ളവരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തിനിടെ ഉദ്യോഗസ്ഥർക്കുനേരേയുള്ള വധശ്രമ കേസിൽ ആദിവാസി ഗോത്രസഭാനേതാവ് എം. ഗീതാനന്ദനടക്കം നാലുപേരുടെ ശിക്ഷ ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു.പോലീസ് ഉദ്യോഗസ്ഥനായ അബ്ദുൾ സലാം, വനംവകുപ്പ് ഉദ്യോഗസ്ഥനായ ശശിധരൻ എന്നിവരെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ചെന്ന കേസിൽ എം. ഗീതാനന്ദൻ, തിരുവനന്തപുരം കാഞ്ഞിരകുളം ചാവടി വേടർ കോളനിയിൽ ബിനു, നൂൽപ്പുഴ സ്വദേശി രമേശൻ കൊയ്യാലിപുര, തിരുനെല്ലി അപ്പപ്പാറ ചുണ്ടപ്പാടി നായ്ക്കർ കോളനിയിൽ അനിൽകുമാർ എന്നിവരെ അഞ്ചുവർഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. കല്പറ്റ പ്രിൻസിപ്പൽ ജില്ലാ ആൻഡ് സ്‌പെഷ്യൽ കോടതിയുടെ ഈ വിധിയാണ് ഹൈക്കോടതി മരവിപ്പിച്ചത്. പ്രതികളുടെ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 46000 രൂപ ഓരോ പ്രതികളും കെട്ടിവെക്കണം. രണ്ടാൾ ജാമ്യത്തിലും പ്രതികൾക്ക് ജയിലിൽനിന്ന് പുറത്തിറങ്ങാമെന്നും ഹൈക്കോടതി അറിയിച്ചു. അപ്പീലിൽ പിന്നീട് ഹൈക്കോടതി വിശദമായി വാദംകേൾക്കും.മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തിൽ കണ്ണൂർ കെ.പി. നാലാം ബറ്റാലിയൻ കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ ഗീതാനന്ദനടക്കം മുഴുവൻ പ്രതികളെയും കല്പറ്റ കോടതി നേരത്തെ വെറുതെവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *