ന്യൂഡൽഹി ∙ സിബിഎസ്ഇയുടെ ത്രിഭാഷാ നയത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി വിവിധ വിഷയങ്ങൾ പുനഃപരിശോധിക്കാൻ നിർദേശിച്ചു. ത്രിഭാഷാ നയത്തിൽ ഇംഗ്ലിഷിനെ തദ്ദേശീയമല്ലാത്ത (നോൺ നേറ്റീവ്) ഭാഷയായി വേർതിരിച്ചതുൾപ്പെടെയാണു കോടതി ചോദ്യം ചെയ്തത്. നിലവിലെ അധ്യയന വർഷം 6–ാം ക്ലാസ് മുതൽ ത്രിഭാഷാ നയം നടപ്പാക്കാനാണു സിബിഎസ്ഇ തീരുമാനിച്ചിരുന്നത്. ഇപ്പോൾ 6–ാം ക്ലാസിലുള്ള വിദ്യാർഥികൾക്ക് ഇളവു നൽകാനാകുമോയെന്ന് കോടതി ആരാഞ്ഞു. തദ്ദേശീയ ഭാഷകൾക്കു വേണ്ട അധ്യാപകരുടെയും പാഠപുസ്തകങ്ങളുടെയും ലഭ്യതയെക്കുറിച്ച് ആശങ്ക ഉന്നയിച്ചു. ഇക്കാര്യങ്ങൾ പരിശോധിക്കാനാണു കേന്ദ്രസർക്കാർ, എൻസിഇആർടി, സിബിഎസ്ഇ എന്നിവയ്ക്കു സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്.ചരിത്ര പശ്ചാത്തലവും പല സംസ്ഥാനങ്ങളും ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നതും കണക്കിലെടുക്കുമ്പോൾ ഇംഗ്ലിഷിന്റെ പദവി സംബന്ധിച്ചു ഭരണഘടനാപരമായ പരിശോധന ആവശ്യമായി വന്നേക്കാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജഡ്ജിമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ‘ഇംഗ്ലിഷിനെ എത്രത്തോളം തദ്ദേശീയമല്ലാത്ത ഭാഷയായി കണക്കാക്കാമെന്നു പരിശോധിക്കേണ്ടതുണ്ട്. ‘നേറ്റീവ്’ എന്ന വിശേഷണത്തിൽ ഗൗരവ സംശയങ്ങളുണ്ട്. അതിനു കൊളോണിയൽ അർഥതലങ്ങളുണ്ട്’ ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി വ്യക്തമാക്കി.പഠിച്ചിരുന്ന ഭാഷ ഒഴിവാക്കി പുതിയ ഭാഷ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾ നിർബന്ധിതരാകുന്നുവെന്നു ഹർജിക്കാർ വാദിച്ചു. ഫ്രഞ്ച് ഉൾപ്പെടെയുള്ള ഭാഷകൾ പഠിച്ചിരുന്ന വിദ്യാർഥികൾ ഈ വെല്ലുവിളി നേരിടുന്നുവെന്നും മറ്റൊരു ഇന്ത്യൻ ഭാഷ ആരംഭം മുതൽ പഠിക്കേണ്ട സാഹചര്യമാണെന്നും മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ വാദിച്ചു.
സിബിഎസ്ഇയുടെ ത്രിഭാഷാ നയം; പോരായ്മ ചൂണ്ടിക്കാട്ടി സുപ്രീം കോടതി
