മഞ്ജു വാര്യര്‍ നല്‍കിയ അപകീര്‍ത്തി കേസ് ഇന്ന് കോടതിയില്‍

നടി മഞ്ജു വാര്യർ നല്‍കിയ അപകീർത്തി കേസ് എറണാകുളം മുൻസിഫ് കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ സനല്‍ കുമാർ ശശിധരൻ, വിദ്വേഷ യൂട്യൂബർ ഷാജൻ സ്‌കറിയ എന്നിവർക്ക് എതിരെ ആരംഭിച്ച നിയമ നടപടി ആണ് കോടതി പരിഗണിക്കുന്നത്.അപകീർത്തികരമായ ഉള്ളടക്കം നീക്കണം എന്ന ആവശ്യത്തില്‍ മുൻസിഫ് കോടതി വാദം കേള്‍ക്കും.ഹരജിയില്‍ സനല്‍ കുമാർ ശശിധരനും യൂട്യൂബർ ഷാജൻ സ്‌കറിയയും മറുപടി നല്‍കണം. അപകീർത്തികരമായ ഉള്ളടക്കം നീക്കുന്നതില്‍ സാമൂഹ്യ മാധ്യമ സ്ഥാപനമായ മെറ്റയും മറുപടി നല്‍കിയേക്കും. സെക്‌സ് റാക്കറ്റിന്‍റെ പിടിയിലാണ് മഞ്ജു വാര്യര്‍ എന്നായിരുന്നു സനല്‍ കുമാര്‍ ശശിധരന്‍റെ ആരോപണം. വസ്തുതാ വിരുദ്ധമായ പ്രചരണത്തിനെതിരെ മഞ്ജുവിന്‍റെ കുടുംബം നേരത്തെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടി സനല്‍കുമാര്‍ ശശിധരന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ നിയമ നടപടികള്‍ ആരംഭിച്ചത്.മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും ചില മാഫിയകളുടെയോ തല്‍പ്പരകക്ഷികളുടെയോ തടവിലാണ് അവരെന്നും അവകാശപ്പെട്ട് സനല്‍കുമാർ ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.മലയാളത്തിലെ ഒരു പ്രമുഖ നടി സെക്‌സ് റാക്കറ്റിന്റെ പിടിയിലാണെന്ന് ആരോപിച്ചാണ് സനല്‍ കുമാര്‍ ശശിധരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങിയിരുന്നു. ഇതിലും തനിക്കെതിരായ ഗൂഢാലോചനയിലും അന്വേഷണം വേണം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട് അതിലെ സെക്‌സ് റാക്കറ്റിനെ കുറിച്ച്‌ അന്വേഷിക്കണം എന്നിവയാണ് സനല്‍കുമാറിന്റെ ആവശ്യങ്ങള്‍.സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം നല്‍കുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു.ആ സമയത്ത് അമേരിക്കയിലായിരുന്നു ഇയാള്‍. സ്ത്രീത്വത്തെ അപമാനിക്കുംവിധമുള്ള സനല്‍കുമാറിന്‍റെ സാമൂഹികമാധ്യമ പോസ്റ്റുകള്‍ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് നടിയുടെ പരാതി. നടിക്കെതിരേ ഒട്ടേറെ പോസ്റ്റുകളാണ് പ്രതി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. നടിയുടേതെന്ന പേരില്‍ ഒരു ശബ്ദസന്ദേശവും പോസ്റ്റ് ചെയ്തിരുന്നു.നേരത്തെയും നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരന്‍ അറസ്റ്റിലായിരുന്നു. നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള നടിയുടെ പരാതിയിലാണ് 2022-ല്‍ സനല്‍കുമാര്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *