മലബാറിലെ ഖനന-റോയൽറ്റി തർക്കം: പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേചെയ്തു

ന്യൂഡൽഹി: മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി. ഭൂവുടമകളിൽനിന്ന് പിരിച്ച റോയൽറ്റി തുക തിരികെ നൽകണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിധി സ്റ്റേചെയ്തത്. റോയൽറ്റി തിരികെ നൽകേണ്ടിവന്നാൽ 1200 കോടി രൂപയുടെ ബാധ്യത സംസ്ഥാന സർക്കാരിനുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.മലബാർ മേഖലയിലെ ക്വാറികളിൽനിന്ന് റോയൽറ്റി പിരിക്കുന്നതിനായി 2021-ൽ സംസ്ഥാന സർക്കാർ പാസാക്കിയ ‘കേരള ധാതു അവകാശ നിയമം’ ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സ്വകാര്യഭൂമിയിലെ ഭൂഗർഭ ധാതുക്കളുടെ ഉടമസ്ഥാവകാശം സർക്കാർ ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകാനുള്ള വ്യവസ്ഥ നിയമത്തിലില്ലെന്നായിരുന്നു ഹൈക്കോടതി വിധി. 2021 മുതൽ സർക്കാർ പിരിച്ചെടുത്ത റോയൽറ്റി തിരികെ നൽകാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.തിരുവിതാംകൂറിലെയും കൊച്ചിയിലെയും ക്വാറികളിൽനിന്ന് റോയൽറ്റി പിരിക്കാൻ നിയമമുണ്ടെന്നും എന്നാൽ, മലബാറിൽനിന്ന് റോയൽറ്റി പിരിക്കാൻ നിയമമില്ലായിരുന്നുവെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലായിരുന്നു 2021-ലെ നിയമനിർമാണമെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരി, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മുഹമ്മദ് ഷാ, സ്റ്റാന്റിങ് കോൺസൽ സുൽഫിക്കർ അലി പി.എസ് എന്നിവർ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *