ന്യൂഡൽഹി: ബലാത്സംഗത്തെ അതിജീവിച്ചവർക്ക് 20 ആഴ്ചകൾക്ക് ശേഷവും ഗർഭച്ഛിദ്രം അനുവദിക്കുന്നതിനായി നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി. പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ 30 ആഴ്ച പ്രായമുള്ള ഗർഭം നീക്കം ചെയ്യാൻ അനുമതി നൽകിക്കൊണ്ടാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.ഇത്തരം സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, മാറുന്ന കാലത്തിനനുസരിച്ച് ഉള്ളതാകണം നിയമങ്ങളെന്നും കോടതി വ്യക്തമാക്കി. അതിജീവിതയുടെ മാനസികവും ശാരീരികവുമായ ആഘാതങ്ങൾ പരിഗണിക്കുമ്പോൾ, ഗർഭം തുടരാൻ നിർബന്ധിക്കുന്നത് ക്രൂരതയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.എങ്കിലും, ഈ ഘട്ടത്തിൽ ഭ്രൂണത്തെ പുറത്തെടുത്താൽ അമ്മയ്ക്ക് വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നു കാണിച്ച് എയിംസ് ഈ തീരുമാനത്തെ എതിർത്തു. അന്തിമ തീരുമാനം അതിജീവിതയുടെയും മാതാപിതാക്കളുടെയും താൽപ്പര്യത്തിന് അനുസരിച്ചാകണമെന്നും ശരിയായ തീരുമാനമെടുക്കാൻ ആരോഗ്യരംഗത്തെ വിദഗ്ധർ അവരെ സഹായിക്കണമെന്നും കോടതി നിർദ്ദേശിച്ചു.വ്യാഴാഴ്ച കേസ് പരിഗണിക്കവെ, അതിജീവിതയുടെ മേൽ ഗർഭധാരണം അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു. ബലാത്സംഗത്തെ തുടർന്നുള്ള ഗർഭധാരണം തുടരാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിക്കുന്നത് അവൾ നേരത്തെ അനുഭവിച്ച കഷ്ടപ്പാടുകൾ വർദ്ധിപ്പിക്കുമെന്നും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന മാനസിക ആഘാതങ്ങൾ ഉണ്ടാക്കുമെന്നും നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.ഇതൊരു 15 വയസ്സുള്ള കുട്ടിയുടെ അനാവശ്യ ഗർഭധാരണമാണ്. അനാവശ്യമായ ഗർഭധാരണം ഒരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല. അവൾ ഒരു കുട്ടിയാണെന്ന് സങ്കൽപ്പിക്കുക. അവൾ ഇപ്പോൾ പഠിക്കേണ്ടവളാണ്. എന്നാൽ, നമ്മൾ അവളെ ഒരു അമ്മയാകാൻ പ്രേരിപ്പിക്കുന്നു. ആ കുട്ടി അനുഭവിച്ച വേദനയും അപമാനവും ഒന്ന് സങ്കൽപ്പിച്ചു നോക്കൂ.’ ബെഞ്ച് പറഞ്ഞു.അമ്മയ്ക്ക് സ്ഥിരമായ വൈകല്യങ്ങൾ ഉണ്ടാവില്ലെങ്കിൽ ഗർഭഛിദ്രം പരിഗണിക്കാമെന്നും ഇതുസംബന്ധിച്ച അന്തിമ തീരുമാനം അതിജീവിതയ്ക്കും മാതാപിതാക്കൾക്കും ആയിരിക്കണമെന്നും കോടതി ആവർത്തിച്ചു. കുടുംബത്തെ കൗൺസിലിങ്ങിന് വിധേയമാക്കാനും ശരിയായ തീരുമാനമെടുക്കാൻ അവരെ സഹായിക്കാനും കോടതി എയിംസിന് നിർദ്ദേശം നൽകി.ബലാത്സംഗ അതിജീവിതരുടെ കാര്യത്തിൽ നിലവിലുള്ള 20 ആഴ്ച എന്ന സമയപരിധിക്ക് ശേഷവും ഗർഭഛിദ്രം അനുവദിക്കുന്നതിനായി നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരം കേസുകളിൽ കുറച്ചുകൂടി പരിഗണനാപരമായ നിയമസംവിധാനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ കോടതി, ഇത്തരം സന്ദർഭങ്ങളിൽ കർശനമായ സമയപരിധി പിന്തുടരരുതെന്നും ചൂണ്ടിക്കാട്ടി.’ബലാത്സംഗം മൂലമുണ്ടാകുന്ന ഗർഭധാരണമാണെങ്കിൽ, അവിടെ ഗർഭഛിദ്രത്തിന് സമയപരിധി ഉണ്ടാകാൻ പാടില്ല. മാറുന്ന കാലത്തിനനുസരിച്ച് നിയമങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകണം.’ കോടതി നിരീക്ഷിച്ചു. അതേസമയം, ഈ ഘട്ടത്തിൽ ഗർഭഛിദ്രം വൈദ്യശാസ്ത്രപരമായി പ്രായോഗികമായേക്കില്ലെന്ന് എയിംസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞു.ഗർഭം 30 ആഴ്ചയിലെത്തിയെന്നും ഈ ഘട്ടത്തിൽ ഭ്രൂണം പുറത്തെടുക്കുന്നത് പ്രായപൂർത്തിയാകാത്ത മാതാവിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇതിന് പോംവഴിയായി ഭീവിയിൽ ദത്തെടുക്കലിലേക്ക് നീങ്ങാമെന്നും അവർ നിർദ്ദേശിച്ചു. 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ ഏപ്രിൽ 24-ന് നൽകിയ ഉത്തരവിനെക്കുറിച്ചും കോടതി പരാമർശിച്ചു.
‘അവളനുഭവിച്ച വേദനയും അപമാനവും നോക്കൂ’; ബലാത്സംഗ അതിജീവിതരുടെ ഗർഭഛിദ്രത്തിൽ സമയപരിധി പാടില്ല- കോടതി
