ഭാര്യയാണെങ്കിലും പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ശാരീരികബന്ധം പോക്‌സോ കുറ്റം; വ്യക്തിനിയമം ബാധകമല്ലെന്ന് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

ഭാര്യയാണെങ്കിലും 18 വയസ്സില്‍ താഴെയാണ് പ്രായമെങ്കില്‍ അവരുമായുള്ള ശാരീരികബന്ധം പോക്സോ പ്രകാരമുള്ള കുറ്റമാണെന്ന് ഹൈക്കോടതിയുടെ ഉത്തരവ്.ഭാര്യ ആണോ അല്ലയോ എന്നത് ഈ സാഹചര്യത്തില്‍ പരിഗണിക്കേണ്ട വിഷയമല്ലെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി. ബാലവിവാഹങ്ങള്‍ക്കും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കും തടയിടാൻ ലക്ഷ്യമിട്ടുള്ളതാണ് കോടതിയുടെ ഈ വിധി.

വ്യക്തിനിയമം ബാധകമല്ല

പോക്സോ കേസും ബലാത്സംഗക്കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ 27-കാരൻ നല്‍കിയ ഹർജി തള്ളിയ ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹം കഴിച്ചതാണെന്നും ഇക്കാര്യം പരാതിക്കാരി പൊലീസിനോട് സമ്മതിച്ചതാണെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമായിരുന്നു ഹർജിക്കാരൻ്റെ വാദം. എന്നാല്‍, മുസ്ലിം മതാചാരപ്രകാരം വിവാഹം നടത്തിയാലും പ്രായപൂർത്തിയാകാത്തതിനാല്‍ പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യം ഇല്ലാതാകില്ലെന്ന് കോടതി പറഞ്ഞു. രാജ്യത്തെ പൊതുവായ ക്രിമിനല്‍ നിയമങ്ങള്‍ക്ക് മുകളില്‍ മതപരമായ വ്യക്തിനിയമങ്ങളെ പ്രതിഷ്ഠിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ഈ വിധിയിലൂടെ വ്യക്തമാക്കുന്നു.

സംഭവം നടന്നത് 2021-ല്‍2021-ല്‍ 17 വയസ്സും ഒരു മാസവും പ്രായമുള്ളപ്പോഴാണ് പരാതിക്കാരിയായ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്. 2021 ഒക്ടോബർ 23-ന് പരാതിക്കാരിയുടെ വീട്ടിലെത്തിയ കുറ്റാരോപിതൻ, വസ്ത്രങ്ങള്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്‌ത് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെവെച്ച്‌ നാലുദിവസം തുടർച്ചയായി ഇയാള്‍ പെണ്‍കുട്ടിയുമായി ശാരീരികബന്ധത്തില്‍ ഏർപ്പെട്ടു. ഇതിന് ഹർജിക്കാരൻ്റെ മാതാപിതാക്കളും ഒത്താശ ചെയ്‌തുവെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ കുറ്റാരോപിതനെതിരെ കേസുണ്ടെന്ന് കോടതി വിലയിരുത്തി. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് സമാനമായ കുറ്റമാണ് കുറ്റാരോപിതൻ ചെയ്തിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി-ഭാര്യയാണെങ്കില്‍ 15-നും 18-നും ഇടയില്‍ പ്രായമുള്ളവരുമായുള്ള ശാരീരികബന്ധത്തില്‍ ബലാത്സംഗക്കേസ് നിലനില്‍ക്കില്ലെന്ന ഇന്ത്യൻ ക്രിമിനല്‍ നിയമത്തിലെ ഇളവ് ഈ കേസില്‍ ബാധകമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ 2017-ലെ ഉത്തരവിൻ്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കുറ്റാരോപിതന് ഈ നിയമപരമായ ഇളവ് നിഷേധിച്ചത്. ഇതോടെ പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടെ പരിഗണനയിലുള്ള നിലവിലെ കേസ് നടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കുറ്റാരോപിതർക്ക് വിചാരണ നേരിടേണ്ടി വരുമെന്നത് സമാനമായ കേസുകളില്‍ നിയമവ്യവസ്ഥ സ്വീകരിക്കുന്ന നിലപാടാണ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *