ബെംഗളൂരു: സുപ്രിംകോടതി വിധി നീതി നിഷേധമാണെന്ന് വിമര്‍ശിക്കുന്നത് കുറ്റകരമായി കാണാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധിയെ വിമര്‍ശിച്ച് പൊതുസ്ഥലത്തെ ചുവരില്‍ മുദ്രാവാക്യങ്ങള്‍ എഴുതിയെന്ന കേസില്‍ 13 പേര്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എച്ച്.പി സന്ദേശിന്റെ ഉത്തരവ്. വിയോജിക്കാനുള്ള അവകാശത്തിന്റെ പരിധിക്കുള്ളില്‍ വരുന്നതാണിതെന്ന് കോടതി വ്യക്തമാക്കി. 2019ലെ ബാബരി മസ്ജിദ് കേസിലെ വിധിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ക്കെതിരെയാണ് കേസെടുത്തത്.ഒരു വിധിയോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹമോ സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തുന്നതോ ആകില്ലെന്ന് കോടതി നിരീക്ഷിച്ചു. സുപ്രിംകോടതി വിധി നീതിനിഷേധമാണെന്നും നീതിക്കായി ശബ്ദമുയര്‍ത്തണമെന്നും ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളാണ് ചുവരില്‍ എഴുതിയിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പരാമര്‍ശങ്ങള്‍ കുറ്റങ്ങളുടെ പരിധിയില്‍ വരില്ല. വിധിയോടുള്ള അതൃപ്തി പ്രകടിപ്പിച്ചതുകൊണ്ടുമാത്രം രാജ്യദ്രോഹമോ സമൂഹത്തില്‍ അസ്വാരസ്യം സൃഷ്ടിക്കാനുള്ള ശ്രമമോ ആയി അതിനെ കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.2019ല്‍ മംഗളൂരു സൗത്ത് പൊലീസാണ് 13 പേര്‍ക്കെതിരെ കേസെടുത്തത്. ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ റോഡരികിലെ ചുവരുകളില്‍ മുദ്രാവാക്യങ്ങള്‍ എഴുതിയെന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേരിലുള്ള മുദ്രാവാക്യങ്ങളാണിവയെന്നും രാജ്യത്ത് അസ്വാരസ്യം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് ആരോപിച്ചിരുന്നു.ഇതിനെതിരെയാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്. കോടതിവിധിയെ വിമര്‍ശിച്ച് പൊതുസ്ഥലത്ത് പോസ്റ്ററുകളും മുദ്രാവാക്യങ്ങളും പ്രചരിപ്പിച്ചത് രാജ്യത്ത് അസ്വാരസ്യം സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രവൃത്തിയാണെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ വാദം. എന്നാല്‍, ഏതാനും വ്യക്തികള്‍ക്ക് വെറുപ്പോ വിരോധമോ തോന്നിയെന്നതുകൊണ്ടുമാത്രം ഐപിസി 153 എ വകുപ്പ് (സമൂഹത്തില്‍ ശത്രുത വളര്‍ത്തല്‍) പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. പൊതുവായ സ്വാധീനമാണ് വിലയിരുത്തേണ്ടതെന്നും നിരീക്ഷിച്ചു. തുടര്‍ന്നാണ് കേസ് റദ്ദാക്കിയത്.
ബാബരി വിധി നീതി നിഷേധമാണെന്ന വിമര്‍ശനം കുറ്റമല്ലെന്ന് കര്‍ണാടക ഹൈക്കോടതി
