കാലടി സർവകലാശാല സസ്പെൻഷൻ വിവാദം: വിദ്യാർഥികളുടെ വാദം പൂർത്തിയായി; ഹൈക്കോടതി വിധി ചൊവ്വാഴ്ച

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ വിവാദത്തിൽ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച വൈകിട്ട് 4:15ന് വിധി പ്രസ്താവിക്കും. വിദ്യാർഥികളുടെ ഭാഗത്തുനിന്നുള്ള മറുപടി വാദം പൂർത്തിയായതോടെയാണ് കോടതി വിധി പറയാനായി മാറ്റിയത്.യുജിസി ചട്ടപ്രകാരമുള്ള ബദൽ പരിഹാര മാർഗങ്ങൾ തേടാതെയാണ് വിദ്യാർഥികൾ കോടതിയെ സമീപിച്ചതെന്നാണ് സർവകലാശാലയുടെ പ്രധാന വാദം. കൂടാതെ, സിംഗിൾ ബെഞ്ച് വിധിയനുസരിച്ച് വിദ്യാർഥികൾക്കായി പ്രത്യേകം പരീക്ഷ നടത്താൻ തയാറാണെന്ന് സുപ്രിംകോടതിയിൽ നൽകിയ ഉറപ്പ് നിബന്ധനകൾക്ക് വിധേയമാണെന്നും സർവകലാശാല ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഇരുകക്ഷികളുടെയും വാദം പൂർത്തിയായതോടെ നിർണ്ണായകമായ വിധിക്കായി സർവകലാശാലയും വിദ്യാർഥികളും ഉറ്റുനോക്കുകയാണ്

സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം പരീക്ഷ നടത്തണമെന്നും വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.സര്‍വകലാശാലക്കും വിസി ഡോ. സിസ തോമസിനും ഈ വിധി കനത്ത തിരിച്ചടിയായിരുന്നു.ആഗസ്റ്റ് 13ന് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് 16 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. മൂന്ന് മാസം കഴിഞ്ഞിട്ടും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നില്ല. സസ്പെന്‍ഡ് ചെയ്യപ്പെട്ട 16ല്‍ 10 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാനുള്ളത്. വിദ്യാര്‍ഥികള്‍ വി.സി ഡോ. സിസ തോമസിനെ പ്രതീകാത്മകമായി ദഹിപ്പിച്ചെന്നും കൈയേറ്റംചെയ്യാന്‍ ശ്രമിച്ചെന്നുമാണ് സര്‍വ്വകലാശാലയുടെ പരാതി. പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായ ലൈറ്റ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വിളക്കിന്റെ പ്രതീകാത്മക സംസ്‌കാരമാണ് നടത്തിയതെന്നാണ് വിദ്യാര്‍ഥികളുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *