എറണാകുളം: കാലടി സംസ്കൃത സർവകലാശാലാ തെരഞ്ഞെടുപ്പ് മാറ്റിവെച്ച വിസി സിസ തോമസിന്റെ നടപടിയിൽ ഹൈക്കോടതിയുടെ കർശന ഇടപെടൽ. ഉത്തരവിന് അടിസ്ഥാനമായ കത്തും നിഷ്പക്ഷ നിരീക്ഷകന്റെ ഇ-മെയിലും ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. നിരീക്ഷകന്റെ ശിപാർശ പ്രകാരമാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്ന വിസിയുടെ വാദം തെറ്റാണെന്ന് നിരീക്ഷകൻ തന്നെ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് കോടതി നടപടി.സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോവുകയായിരുന്ന സാഹചര്യത്തിലാണ്, നിഷ്പക്ഷ നിരീക്ഷകന്റെ കത്ത് ലഭിച്ചെന്ന പേരിൽ വിസി തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ തീരുമാനിച്ചത്. വിസിയുടെ ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് എസ്എഫ്ഐ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ കാരണമായതായി വിസി അവകാശപ്പെടുന്ന നിഷ്പക്ഷ നിരീക്ഷകന്റെ കത്തും ഇമെയിൽ സന്ദേശവും ഹാജരാക്കാൻ തുടർന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
താൻ അത്തരത്തിൽ ഒരു കത്ത് നൽകിയിട്ടില്ലെന്ന് നിഷ്പക്ഷ നിരീക്ഷകൻ തന്നെ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ നിർണായക ഇടപെടൽ. കൂടുതൽ വ്യക്തത വരുത്തുന്നതിനായി കേസ് പിന്നീട് പരിഗണിക്കാൻ ഹൈക്കോടതി മാറ്റി വെച്ചു.അതേസമയം, വിദ്യാര്‍ഥികളുടെ സസ്പെൻഷനിൽ സുപ്രിംകോടതി ഇടപെടാതെ കേസ് വീണ്ടും സിംഗിൾ ബെഞ്ചിലേക്ക് വിട്ടിരിക്കുകയാണ്. തീരുമാനം വിദ്യാർഥികൾക്ക് അനുകൂലമെങ്കിൽ പ്രത്യേകം പരീക്ഷ നടത്താമെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്. ആഗസ്റ്റ് 13ന് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് 16 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. രണ്ടു മാസം കഴിഞ്ഞിട്ടും സസ്പെന്ഷന് പിന്‍വലിച്ചിട്ടില്ല. സസ്പെൻഡ് ചെയ്യപ്പെട്ട 16ൽ 10 വിദ്യാർഥികളാണ് പരീക്ഷ എഴുതാനുള്ളത്. മാപ്പ് എഴുതി നൽകിയാൽ 12 വിദ്യാർഥികളുടേയും സസ്പെൻഷൻ പിൻവലിക്കാമെന്നായിരുന്നു സിൻഡിക്കേറ്റ് തീരുമാനം.
