മദ്യനയക്കേസ്: കെജ്‌രിവാളിനെതിരെ ക്രിമിനൽ കോടതി അലക്ഷ്യ നടപടികൾക്ക് തുടക്കമിട്ട് ഡൽഹി ഹൈക്കോടതി ജഡ്ജി

ഡൽഹി: അരവിന്ദ് കെജ്‌രിവാൾ അടക്കം ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ ക്രിമിനൽ കോടതി അലക്ഷ്യ നടപടികൾ ആരംഭിച്ച് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണകാന്ത ശർമ്മ. ഹൈക്കോടതിയെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തുകയും കോടതിയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുകയും ചെയ്തു എന്ന ആരോപണത്തിലാണ് നടപടി.അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, മുൻ എഎപി എംഎൽഎ ദുർഗേഷ് പഥക് എന്നിവർക്കെതിരെയാണ് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ വ്യാഴാഴ്ച ക്രിമിനൽ കോടതി അലക്ഷ്യ നടപടികൾ ആരംഭിച്ചത്. കോടതിയലക്ഷ്യ നിയമപ്രകാരമാണ് നടപടി. കോടതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നേതാക്കൾ സോഷ്യൽ മീഡിയ കാമ്പെയ്ൻ നടത്തിയെന്ന ആരോപണത്തിന് പുറമെ, ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ ബെഞ്ചിന് മുന്നിൽ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അഭിഭാഷകരെ നിയോഗിക്കില്ലെന്ന് പ്രഖ്യാപിച്ച് നേതാക്കൾ ഓൺലൈനിൽ പങ്കുവെച്ച കത്തുകളും നടപടിക്ക് കാരണമായെന്നാണ് വിവരം.ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്ക്ക് മുന്നിൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകില്ലെന്ന് കെജ്‌രിവാൾ കത്തിലൂടെ അറിയിച്ചിരുന്നു. “ജസ്റ്റിസ് സ്വർണ കാന്തയിൽ നിന്ന് നീതി ലഭിക്കുമെന്ന എന്റെ പ്രതീക്ഷ തകർന്നിരിക്കുന്നു. അതിനാൽ, ഗാന്ധിജിയുടെ സത്യാഗ്രഹ പാത പിന്തുടരാൻ ഞാൻ തീരുമാനിച്ചു. എന്റെ മനസ്സാക്ഷിയുടെ ശബ്ദത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഈ തീരുമാനമെടുത്തത്. ജസ്റ്റിസ് സ്വർണ കാന്തയുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള അവകാശം ഞാൻ നിലനിർത്തും,” എന്നായിരുന്നു കത്തിൽ കെജ്‌രിവാൾ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *