കരാർ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് (ഹിസ്റ്റെറെക്ടമി) ശമ്പളത്തോട് കൂടിയ 45 ദിവസത്തെ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി.സമഗ്ര ശിക്ഷയില്‍ സ്പെഷ്യല്‍ എജുക്കേറ്റർമാരായി ജോലി ചെയ്യുന്ന നിഷ ജോസ്, പി സി മോളി എന്നിവർ നല്കിയ ഹർജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെ ഉത്തരവ്.ശസ്ത്രക്രിയയെ തുടർന്ന് ഇവർ നല്കിയ മെഡിക്കല്‍ അവധി അപേക്ഷ സർക്കാർ തള്ളിയിരുന്നു. കരാർ ജീവനക്കാർക്ക് പ്രസവാവധിക്ക് അർഹതയുണ്ടെങ്കിലും ഹിസ്റ്റെറെക്ടമിക്ക് കെഎസ്ആർ ചട്ടം 101എ പ്രകാരമുള്ള ആനുകൂല്യം നല്കാനാവില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാല്‍, പ്രസവാവധിയും ഗർഭച്ഛിദ്രത്തെത്തുടർന്നുള്ള അവധിയും അനുവദിക്കുമ്പോള്‍ സമാന സ്വഭാവമുള്ള ചികിത്സയ്ക്ക് അവധി നിഷേധിക്കുന്നത് വിവേചനമാണെന്ന് കോടതി നിരീക്ഷിച്ചു.സ്ത്രീകളുടെ ആരോഗ്യപരമായ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള ആനുകൂല്യം കരാർ ജീവനക്കാരാണെന്ന കാരണത്താല്‍ നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രസവാവധി സംബന്ധിച്ച ആനുകൂല്യം കരാർ ജീവനക്കാർക്കും ബാധകമാക്കി 2021ല്‍ സർക്കാർ ഉത്തരവിറക്കിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗർഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയയ്ക്കും സമാനമായ അവധി അനുവദിക്കേണ്ടതാണെന്ന് കോടതി ഉത്തരവിട്ടു. ഹർജിക്കാരുടെ അവധി അപേക്ഷ നാല് മാസത്തിനകം പരിഗണിച്ച് തുടർനടപടികള്‍ സ്വീകരിക്കാനും സർക്കാരിന് നിർദേശം നല്കി.
ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയ: കരാര്‍ ജീവനക്കാര്‍ക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി
