കൊച്ചി: സുരക്ഷിതത്വവും സാങ്കേതിക അനുമതിയുമില്ലാതെ പ്രവർത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവർത്തനം തടയണമെന്ന് ഹൈക്കോടതി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സുരക്ഷിതമല്ലാത്ത വാക്വം ലിഫ്റ്റുകൾ പ്രവർത്തിക്കുന്നതിനേതിരേ കേരള എലിവേറ്റർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ വിധി. ഇത്തരം ലിഫ്റ്റുകളുടെ പ്രവർത്തനം സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന് 2024-ൽ ഹൈക്കോടതി നൽകിയ നിർദേശം നടപ്പാക്കാത്തതിനേത്തുടർന്ന് നൽകിയ ഹർജിയിലാണ് വിധി.ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കിടയിൽ ഇതു സംബന്ധിച്ച ബോധവൽക്കരണം ആവശ്യമാണെന്ന് വിധിയുടെ പകർപ്പുമായെത്തിയ കേരളാ എലിവേറ്റേർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (കീമ) ഭാരവാഹികൾ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.സാങ്കേതികമായി രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അനുസരിച്ചല്ല ഇത്തരം ലിഫ്റ്റുകളുടെ പ്രവർത്തനമെന്ന് കീമ പ്രസിഡന്റ് നാരായണ മേനോൻ, സെക്രട്ടറി ശ്രീകുമാർ സി ബി എന്നിവർ പറഞ്ഞു. സാധാരണ ലിഫ്റ്റുകളെ പോലെ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള അനുബന്ധ സംവിധാനങ്ങളില്ല. പിറ്റിന്റെ ആഴം, ഓവർഹൈഡ് ഉയരം, ലാൻഡിങ് തുടങ്ങിയവ സംബന്ധിച്ച മാനദണ്ഡങ്ങളും വാക്വം ലിഫ്റ്റുകൾ പാലിക്കുന്നില്ല. ലിഫ്റ്റുകൾക്ക് രാജ്യത്ത് പ്രവർത്തനാനുമതി നൽകുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെയോ ഇലക്ട്രിക്കൽ ഇൻസ്പടറേറ്റിന്റെയോ യാതൊരു അനുമതിയുമില്ലാതെയാണ് ഇവ പ്രവർത്തിക്കുന്നതെന്നും കീമ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.മുഖ്യധാരാമാധ്യമങ്ങളെ ഒഴിവാക്കി സമൂഹ മാധ്യമങ്ങളിലൂടെ ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് അനധികൃത ഇടപാട് നടത്തുന്നത്. സാങ്കേതിക തകരാറുകാരണം പല തവണ അപകടങ്ങൾ നടന്നിട്ടുണ്ടെങ്കിലും നിയമപരമായ യാതൊരു പരിരക്ഷയും ലഭിക്കാത്തതുകൊണ്ട് മൂടിവയ്ക്കപ്പെടുകയാണ്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരേ ഒരു കമ്പനിയാണ് നിർമാണവും വിൽപ്പനയും നടത്തുന്നത്.അനുമതിയില്ലാഞ്ഞിട്ടുപോലും കേരളത്തിലെ ചില മാളുകളിൽ ഇവരുടെ ലിഫ്റ്റുകൾ മാർക്കറ്റിംഗിന്റെ ഭാഗമായി ഡെമോ മോഡലുകൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്തതു ശ്രദ്ധയിൽപ്പെട്ടതിനേതുടർന്ന് നിയമനടപടിയിലൂടെ തടയിട്ടതാണ്. എന്നാൽ സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണവും കച്ചവടവും നിർബാധം തുടരുകയാണ്. 2024-ലെ വിധിയെ തുടർന്ന് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്ന പൊതുനിർദേശം നൽകിയതല്ലാതെ ഇത്തരം സ്ഥാപനങ്ങളെ നിരീക്ഷിക്കാനോ നടപടിയെടുക്കാനോ ഇലക്ട്രിക്കൽ ഇൻസപെക്ടറേറ്റ് തയാറായില്ല.കോടതിയെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് കൊച്ചിയിൽ ഇവരുടെ ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്നും കീമ ഭാരവാഹികൾ പറഞ്ഞു. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം, ലിഫ്റ്റുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നുണ്ട്. ഒന്നര മീറ്ററിലേറെ ഉയരത്തിലേയ്ക്ക് ആളുകളെ വഹി്ച്ചു കൊണ്ടുപോകുന്ന എല്ലാ ഉപകരണങ്ങൾക്കും ലൈസൻസും ആവശ്യമാണ്. എന്നാൽ ഇത്തരം അനുമതികൾ ഇല്ലാത്തതിനാൽ വാക്വം ലിഫ്റ്റുകൾക്ക് ഇൻഷുറൻസ് സാധാരണയായി ഇൻഷുറൻസ് സംരക്ഷണവും ഉണ്ടാകാറില്ല.അതുകൊണ്ടു തന്നെ ഇത്തരം അനധികൃത ലിഫ്റ്റുകളിൽ ഉണ്ടാകുന്ന അപായങ്ങൾക്ക് യാതൊരു പരിരക്ഷയും ലഭിക്കില്ല. ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായ ഇത്തരം അനധികൃത ലിഫ്റ്റുകളുടെ പ്രവർത്തനം നിർത്തലാക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നടപടി സ്വീകരിക്കണമെന്നും കീമ ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 26 ലിഫ്റ്റ്/എലിവേറ്റർ നിർമാതാക്കാൾ അംഗങ്ങളായ സംഘടനയാണ് കീമ.വാർത്താസമ്മേളനത്തിൽ കീമ പ്രസിഡന്റ് നാരായണ മേനോൻ, (സ്മാർടെക് എലിവേറ്റേഴ്സ്), സെക്രട്ടറി ശ്രീകുമാർ സി ബി (കാഡിലാക് ലിഫ്റ്റ്സ് ആൻഡ് എസ്കലേറ്റേഴ്സ്), ട്രഷറർ ഷംസുദ്ദീൻ എൻ എം (മെട്രോ ലിഫ്റ്റ്സ്), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രജീഷ് രാജ് ആർ (ഇൻഫ്രാ എലിവേറ്റേഴ്സ്, കീമ അഭിഭാഷകൻ എന്നിവർ പങ്കെടുത്തു.
നിയമപരിരക്ഷയില്ല, സുരക്ഷയില്ല; വാക്വം ലിഫ്റ്റുകളുടെ പ്രവർത്തനം തടയണമെന്ന് ഹൈക്കോടതി
