ശബരിമലയിലെ ദ്വാരപാലക സ്വര്‍ണപ്പാളി വിവാദം :ഹൈക്കോടതി നിര്‍ദേശപ്രകാരം നീങ്ങാന്‍ ദേവസ്വം വിജിലന്‍സ്‌

ശബരിമലയിലെ ദ്വാരപാലക സ്വര്‍ണപ്പാളി വിവാദത്തില്‍ കേസെടുക്കാന്‍ അധികാരമില്ലാത്തതിനാല്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണവുമായി മുന്നോട്ടുപോകാന്‍ ദേവസ്വം വിജിലന്‍സ്‌ തീരുമാനം.സ്വര്‍ണത്തട്ടിപ്പില്‍ പോലീസാണ്‌ ക്രിമിനല്‍ കേസെടുക്കേണ്ടത്‌. അന്വേഷണത്തിനു ഹൈക്കോടതി കമ്മിഷനെയും നിയോഗിച്ചിട്ടുള്ള സാഹചര്യത്തിലാണ്‌ ദേവസ്വം വിജിലന്‍സിന്റെ തീരുമാനം.ദ്വാരപാലകശില്‍പ്പങ്ങള്‍ സ്വര്‍ണം പൂശിയ സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയേയും സഹായി വാസുദേവനെയും കൂടുതല്‍ ചോദ്യംചെയ്യേണ്ടതിനാല്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷിക്കണമെന്നാണ്‌ ദേവസ്വം വിജിലന്‍സ്‌ നിലപാട്‌. ദ്വാരപാലകശില്‍പ്പങ്ങള്‍ പൊതിഞ്ഞിരുന്ന സ്വര്‍ണപ്പാളികള്‍ 2019-ല്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക്‌ കൊണ്ടുപോയപ്പോള്‍ വിവിധ ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ച്‌ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി പണംതട്ടിയെന്നു വിജിലന്‍സ്‌ കണ്ടെത്തി. ശബരിമല ശ്രീകോവിലിന്റെ വാതിലെന്നു പറഞ്ഞ്‌ പ്രദര്‍ശനവും പൂജയും നടത്തിയാണ്‌ ഭക്‌തരില്‍നിന്നു പണം തട്ടിയത്‌. പോറ്റിയുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതു ഹൈക്കോടതിയെ ധരിപ്പിക്കും. ആവശ്യമെങ്കില്‍ വീഡിയോ തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കും.സന്നിധാനത്തുനിന്നു സ്വര്‍ണപ്പാളികളുമായി 2019-ല്‍ പോറ്റി നടത്തിയ യാത്ര വിശദമായി പരിശോധിച്ചുവരുന്നു. അന്ന്‌ തന്നെ ഏല്‍പ്പിച്ചതു ചെമ്ബുപാളികളാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്‌ ഇയാള്‍. ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി തിരുവനന്തപുരത്ത്‌ നടത്തിയ ഭൂമി ഇടപാടുകളുടെ വിവരവും ദേവസ്വം വിജിലന്‍സ്‌ ശേഖരിച്ചുതുടങ്ങി. രണ്ടുമാസത്തിനിടെ ഒരുകോടി രൂപയുടെയും ആകെ 30 കോടിയിലധികം രൂപയുടെയും ഭൂമിയിടപാട്‌ നടന്നതായാണ്‌ ലഭിച്ച വിവരം.പോറ്റി വന്‍പലിശയ്‌ക്കു പണം നല്‍കിയവരുടെ വിവരങ്ങളും ദേവസ്വം വിജിലന്‍സ്‌ ശേഖരിച്ചു. കര്‍ണാടകയിലെ ബംഗളുരു ഉള്‍പ്പെടെ ഇതരസംസ്‌ഥാനങ്ങളില്‍ ഇയാള്‍ പണപ്പിരിവ്‌ നടത്തിയെന്ന്‌ നേരത്തേ കണ്ടെത്തിയിരുന്നു. തെറ്റുകാരനല്ലെന്നും പറയാനുള്ളതു കോടതിയില്‍ അറിയിക്കുമെന്നുമാണ്‌ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *