സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ശോചനീയാവസ്ഥയിലും കടുത്ത പ്രതിസന്ധികളിലും അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി.ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നത് സംബന്ധിച്ച് കോടതി ഉടൻ തന്നെ പൊതു മാർഗനിർദേശം പുറപ്പെടുവിക്കും. തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം നേരിട്ട് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് കോടതിയുടെ കർശന നീക്കം.ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരാണ് പേരൂർക്കടയിലെ ആശുപത്രിയില്‍ നേരിട്ടെത്തി പരിശോധന നടത്തിയത്. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജഡ്ജിമാർക്കൊപ്പമുണ്ടായിരുന്നു. ആശുപത്രിയിലെ മോശം സാഹചര്യങ്ങളും രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും സംഘം നേരിട്ട് കണ്ട് വിലയിരുത്തി.പേരൂർക്കട ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിലവിലുള്ള ഏറ്റവും വലിയ പ്രതിസന്ധി ജീവനക്കാരുടെ കടുത്ത കുറവാണെന്ന് വിദഗ്ധസംഘം വിലയിരുത്തി. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയാക്കുകയാണ്. മതിയായ സൗകര്യങ്ങളില്ലാതെ ആശുപത്രികള്‍ പ്രവർത്തിക്കുന്നതില്‍ സംഘം കടുത്ത അതൃപ്തി രേഖപ്പെടുത്തി.
മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ദുരവസ്ഥ: അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി, പൊതു മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും
