ഒരു അധ്യാപകന്‍ പോലുമില്ലാതെ 1895 സര്‍ക്കാര്‍ സ്‌കൂളുകൾ; സംസ്ഥാന സര്‍ക്കാരിന്റെ റിപോര്‍ട്ട് തേടി മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാല്‍: ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ വിദ്യാഭ്യാസ മേഖല പൂര്‍ണ പരാജയമെന്ന് റിപോര്‍ട്ട്. ഒരു അധ്യാപകന്‍ പോലുമില്ലാതെ 1895 സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപോര്‍ട്ടാണ് പുറത്ത് വന്നത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരുടെ വന്‍ ക്ഷാമം ഉണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ (പിഐഎല്‍) മധ്യപ്രദേശ് ഹൈക്കോടതി സംസ്ഥാനത്തിനും സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിനും നോട്ടീസ് അയച്ചു.മധ്യപ്രദേശിലെ 1,895 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഒരു അധ്യാപകനില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, കുട്ടികള്‍ ഇല്ലാത്ത 435 സ്‌കൂളുകളില്‍ ഇപ്പോഴും അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ സൗരഭ് ത്രിപാഠി സമര്‍പ്പിച്ച ഹരജയില്‍ ആരോപിച്ചതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് പറയുന്നു.85 സ്‌കൂളുകളിലായി 128 അധ്യാപകരെ വിന്യസിച്ചിട്ടുണ്ടെന്നും, അവിടെ ഒരു തസ്തികയും നിയമിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംവിധാനം ഗുരുതരമായ ഭരണപരമായ പരാജയങ്ങള്‍ നേരിടുന്നുണ്ടെന്ന് ഇത് എടുത്തുകാണിക്കുന്നു.2018 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 66,814 സര്‍ക്കാര്‍ സ്‌കൂളുകളെ ഉള്‍പ്പെടുത്തിയ ഒരു കംപ്ലയന്‍സ് ഓഡിറ്റായ 2025 ലെ സിഎജി റിപ്പോര്‍ട്ട് നമ്പര്‍ 10 നെയാണ് ഹരജി ആശ്രയിക്കുന്നത്. ഓഡിറ്റില്‍ 1,895 സ്‌കൂളുകള്‍ (1,379 പ്രൈമറി, 479 മിഡില്‍ സ്‌കൂളുകള്‍) അധ്യാപകരില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിസംസ്ഥാനത്തെ ഏകദേശം 6,607 സ്‌കൂളുകളില്‍ അനുവദനീയമായതിലും കൂടുതല്‍ 11,733 അധ്യാപകരുണ്ടെന്നും, 29,116 സ്‌കൂളുകളില്‍ ഏകദേശം 50% അധ്യാപകരുടെ കുറവുണ്ടെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.10 ാം ക്ലാസ് വിജയശതമാനം 2018-ല്‍ 67.74% ആയിരുന്നത് 2021-22-ല്‍ 38.53% ആയി കുറഞ്ഞത് മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണെന്നും ഹരജിക്കാരന്‍ വാദിച്ചു. അധ്യാപക പരിശീലനത്തിനായി നീക്കിവച്ച 165.09 കോടി ബജറ്റില്‍ 35.71 കോടി മാത്രമേ വിനിയോഗിച്ചിട്ടുള്ളൂവെന്നും 14 ഉദ്യോഗസ്ഥര്‍ 20 വര്‍ഷം വരെ മറ്റ് വകുപ്പുകളില്‍ നിയമവിരുദ്ധമായി നിയമിക്കപ്പെട്ടിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് 3.27 കോടി ശമ്പളം വാങ്ങുന്നുണ്ടെന്നും ഹരജിക്കാരന്‍ ആരോപിച്ചു.1,895 സ്‌കൂളുകളിലേക്ക് അധ്യാപകരെ ഉടന്‍ വിന്യസിക്കണമെന്നും ഒഴിവുള്ള വിടവ് പരിഹരിക്കുന്നതിന് സമയബന്ധിതമായ യുക്തിസഹീകരണ നയം രൂപീകരിക്കണമെന്നും ഹരജിക്കാരന്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിവേക് റൂസിയ, ജസ്റ്റിസ് പ്രദീപ് മിത്തല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അധ്യാപക നിയമനത്തിന്റെ സ്ഥിതി, വിദ്യാഭ്യാസ ബജറ്റിന്റെ വിനിയോഗം, സിഎജി റിപ്പോര്‍ട്ടില്‍ എടുത്തുകാണിച്ച മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ വിശദീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ജൂലൈ 14 ന് സംസ്ഥാനത്തിന് നോട്ടീസ് നല്‍കുകയും നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *