നവകേരള യാത്രക്കിടെയുള്ള ‘രക്ഷാപ്രവര്‍ത്തനം’; എസ്പി എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

‘നവകേരള സദസ്’ യാത്രക്കിടെ ആലപ്പുഴയില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാൻമാർ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തില്‍ പുനരന്വേഷണത്തിനുള്ള അഞ്ച് അംഗസംഘത്തെ രൂപീകരിച്ച്‌ സർക്കാർ.ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി എ.പി ഷൗക്കത്തിലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ടി.പി വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് എ.പി ഷൌക്കത്തലി.എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് ഡിജിപിയുടെ നിർദേശം. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സർവീസില്‍ നിന്ന് തല്‍ക്കാലം മാറ്റി നിർത്തില്ല. റിപ്പോർട്ട് ലഭിച്ചശേഷം മാത്രം നടപടി മതിയെന്ന് തീരുമാനം. എത്രയും വേഗം റിപ്പോർട്ട് നല്‍കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി.കേസില്‍ പുനരന്വേഷണത്തിന് ഇന്നലെ ചേർന്ന ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. കേസില്‍ തെളിവുകളുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടും അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ ടീമിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.ആലപ്പുഴ നിയുക്ത എംഎല്‍എ എ.ഡി തോമസ് അടക്കമുള്ളവർക്കാണ് മർദനമേറ്റത്.നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയില്‍ നേരത്തെ അന്വേഷണം നടന്നിരുന്നു. എന്നാല്‍, ഈ അന്വേഷണം തൃപ്തികരമല്ലെന്നും ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ആരോപിച്ച്‌ പരാതിക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. ഹരജി പരിഗണിച്ച കോടതി, കേസില്‍ പുനരന്വേഷണം വേണമെന്നും ഇതിനായി ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഉത്തരവിട്ടു.നവകേരള സദസ് വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ലാത്തിയും കൈയും ഉപയോഗിച്ച്‌ മർദ്ദിച്ചതായിരുന്നു വിവാദങ്ങള്‍ക്ക് ആധാരം. എന്നാല്‍, ഈ മർദ്ദനത്തെ ‘പ്രതിഷേധക്കാരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമം’ എന്നാണ് അന്ന് മുഖ്യമന്ത്രിയും ഭരണപക്ഷവും ന്യായീകരിച്ചത്. ഈ പ്രയോഗം രാഷ്ട്രീയ വൃത്തങ്ങളിലും പൊതുസമൂഹത്തിലും വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *