ചെന്നൈ: മദ്രാസ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റിസ് സി.എസ് കര്‍ണന്‍ (73) അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ പെട്ടെന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. സഹപ്രവര്‍ത്തകരായ അഭിഭാഷകരും ജഡ്ജിമാരുമായും നിരന്തരം കലഹിച്ചുകൊണ്ടിരുന്ന വ്യക്തിയായിരുന്നു സി.എസ് കര്‍ണന്‍. ജാതിവിവേചനത്തിനും അഴിമതിക്കും എതിരെയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍. 1955 ജൂൺ 12ന് തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ കർനാതത്തിലാണ് സി.എസ് കർണന്റെ ജനനം.
1983-ല്‍ മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടിയ സി.എസ് കര്‍ണന്‍, 2009 മാര്‍ച്ചില്‍ മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2011 മാര്‍ച്ചില്‍ സ്ഥിരം ജഡ്ജിയായി. 2016-ല്‍ അദ്ദേഹത്തെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി.2017 ജനുവരിയില്‍ സിറ്റിങ് ജഡ്ജിമാര്‍ക്കെതിരെയടക്കം അഴിമതി ആരോപണം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതോടെ സുപ്രിംകോടതിയുമായുള്ള തര്‍ക്കം രൂക്ഷമായി. ഇതേ തുടര്‍ന്ന് സി.എസ് കര്‍ണനെതിരെ സുപ്രിംകോടതി സ്വമേധയാ കോടതിലക്ഷ്യ നടപടികള്‍ ആരംഭിച്ചു.2017 മെയ് ഒമ്പതിന് കര്‍ണന്‍ കോടതിയലക്ഷ്യം നടത്തിയതായി സുപ്രിംകോടതി കണ്ടെത്തി. ആറ് മാസത്തെ തടവിനും വിധിച്ചു. കോടതി ഉത്തരവിന് പിന്നാലെ ജൂൺ 12ന് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചു. തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങള്‍ക്കും ആറ് മാസത്തെ ജയില്‍വാസത്തിനും ശേഷം 2017 ഡിസംബറില്‍ കര്‍ണന്‍ പുറത്തിറങ്ങി. ഇതോടെ കോടതിയലക്ഷ്യത്തിന് തടവ് അനുഭവിക്കുന്ന ആദ്യ ജഡ്ജിയായി കര്‍ണന്‍ മാറി. പുറത്തിറങ്ങിയ ശേഷവും സി.എസ് കര്‍ണന്‍ പൊതുരംഗത്ത് സജീവമായിരുന്നു.
