കൊച്ചി: BLM സൊസൈറ്റിയുടെ പണം വകമാറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേiസിൽ സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാറിന് ഹൈക്കോടതിയുടെ ഇടക്കാല ആശ്വാസം. അന്വേഷണത്തിനോ ചോദ്യം ചെയ്യലിനോ വിളിപ്പിക്കുമ്പോൾ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 35(3) പ്രകാരം നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് മുരളി പുരുഷോത്തമന്റേതാണ് ഉത്തരവ്.കോതമംഗലം, നടക്കാവ് പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട കേസുകളുടെയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെയും പശ്ചാത്തലത്തിലാണ് ആർ. പ്രേംകുമാറും സിദ്ധേശ്വർ പ്രദീപ്കുമാർ നായരും ഹൈക്കോടതിയെ സമീപിച്ചത്. പോലീസിന്റെ ഭാഗത്തുനിന്ന് ഉപദ്രവമോ ഭീഷണിയോ നിയമവിരുദ്ധ ഇടപെടലുകളോ ഉണ്ടാകാതിരിക്കാൻ സംരക്ഷണം നൽകണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഹർജി തീർപ്പാക്കുന്നതുവരെ തങ്ങൾക്കെതിരായ നടപടികൾ നിയമാനുസൃതമായും BNSS 35(3) പ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ചും മാത്രമേ സ്വീകരിക്കാവൂ എന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.ഹർജി പരിഗണിച്ച കോടതി അത് ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികൾക്കായി ഗവൺമെന്റ് പ്ലീഡർ നോട്ടീസ് സ്വീകരിച്ചു. അന്വേഷണത്തിനോ ചോദ്യം ചെയ്യലിനോ ഹർജിക്കാരുടെ സാന്നിധ്യം ആവശ്യമായി വരുന്ന സാഹചര്യത്തിൽ BNSS 35(3) പ്രകാരം നോട്ടീസ് അയച്ചുകൊണ്ട് മാത്രമേ അവരെ വിളിപ്പിക്കാവൂ എന്ന് നാലു മുതൽ ആറു വരെയുള്ള എതിർകക്ഷികളായ അന്വേഷണ ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും കോടതി നിർദേശം നൽകി.സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി, അന്വേഷണ ഉദ്യോഗസ്ഥൻ, കോതമംഗലം, നടക്കാവ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ എന്നിവരാണ് കേസിലെ എതിർകക്ഷികൾ.ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ റിൾജിൻ വി. ജോർജ്ജ്, വിഷ്ണു വിജയൻ എന്നിവർ ഹാജരായി. കേസ് ഡിസംബർ മൂന്നിലേക്ക് മാറ്റി.
BLM സൊസൈറ്റി കേസ്: പ്രേംകുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; പോലീസിന് കർശന നിർദേശം
