ന്യൂഡല്‍ഹി: ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസവില്‍പ്പന നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ ആ ഉത്തരവ് മരവിപ്പിച്ചു. ഇതോടെ ക്ഷേത്രപരിസരത്തെ മാംസവില്‍പ്പനയ്ക്കുള്ള വിലക്ക് തുടരും.ഇന്നലെയാണ് കോടതിയില്‍ അസാധാരണമായ സംഭവവികാസങ്ങള്‍ ഉണ്ടായത്. ക്ഷേത്രത്തിനു സമീപമുള്ള മാംസവില്‍പ്പന നിരോധിച്ചുള്ള ഓഗസ്റ്റ് 10ലെ സര്‍ക്കാര്‍ ഉത്തരവിനെതിരേ ആറ് റസ്റ്ററന്റുകളാണ് ഹരജി നല്‍കിയത്. ഹരജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് ഉച്ചയ്ക്ക് മൂന്നുമണിയോടെ നിരോധനം റദ്ദാക്കി. എന്നാല്‍ ഉത്തരവ് വന്നതിന് പിന്നാലെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. വൈകിട്ട് ഏഴുമണിക്ക് മുമ്പായി ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തു. ഇതോടെ മാംസവില്‍പ്പന നിരോധനം വീണ്ടും പ്രാബല്യത്തിലായി.
പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന റസ്റ്ററന്റുകളാണ് നിരോധനത്തിനെതിരേ കോടതിയെ സമീപിച്ചത്. നിരോധനം നൂറുകണക്കിന് ജീവനക്കാരുടെ ഉപജീവനത്തെ ബാധിക്കുമെന്നും മാംസവില്‍പ്പന കാരണം പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായതിന് തെളിവുകളില്ലെന്നും റസ്റ്ററന്റ് ഉടമകള്‍ വാദിച്ചു.എന്നാല്‍, ക്ഷേത്രത്തിന്റെ മതപരമായ പ്രാധാന്യവും തീര്‍ഥാടകരുടെ വലിയ സാന്നിധ്യവും കണക്കിലെടുത്താണ് നിരോധനമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. അമൃത്സര്‍, ഹരിദ്വാര്‍, ഋഷികേശ്, മഥുര, വൃന്ദാവന്‍ തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലെ സമാന നിയന്ത്രണങ്ങളും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഡിസംബര്‍ 26ന് ഡിവിഷന്‍ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.
